ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു: ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍
തൊടുപുഴ: മൂന്നാം ദിവസവും ശമിക്കാതെ പെയ്യുന്ന മഴ ജില്ലയില്‍ കനത്ത നാശം വിതയ്ക്കുന്നു. മണ്ണിടിച്ചില്‍ വ്യാപകമായി. നിരവധി സ്ഥലങ്ങളില്‍ ഉരുള്‍ പൊട്ടി.
വന്‍മരം കടപുഴകി വീടിനു മുകളിലേയ്ക്കു പതിച്ചു. വീട്ടിനുള്ളില്‍ കിടന്നുറങ്ങിയ സഹോദരങ്ങളായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ നെടുങ്കണ്ടം കല്‍ക്കൂന്തലിലാണ് അപകടം. കല്‍ക്കൂന്തല്‍ മുല്ലശേരി നൗഷാദി(48)ന്റെ വീടിനു മുകളിലേക്കു മരം വീഴുകയായിരുന്നു. നൗഷാദിന്റെ മക്കളായ മുഹമ്മദ് സിക്കന്ദര്‍ (15), ബാദൂഷ (14) എന്നിവര്‍ക്കാണു പരിക്കേറ്റത്.
വീടിന്റെ ഒരു ഭാഗത്തേക്കു വീണ മരത്തിന്റെ ശിഖര തലപ്പുകള്‍ പതിച്ചാണ് മുഹമ്മദ് സിക്കന്ദറിനും ബാദുഷയ്ക്കും പരിക്കേറ്റത്. ഇരുവരും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. വീടിന്റെ ഒരു ഭാഗം തകര്‍ന്നു. ഇരുവരും ഇന്നലെ അവധി ദിനമായതിനാല്‍ മുറിക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. മുഹമ്മദ് സിക്കന്ധറിന്റെ കാലില്‍ മരത്തിന്റെ ശിഖര തലപ്പുകളിടിച്ചു അസ്ഥിക്കു പൊട്ടലുണ്ട്. സമീപവാസിയുടെ ഏലത്തോട്ടത്തില്‍ നിന്ന കാട്ടുമരമാണ് വീടിനു മുകളിലേക്കു പതിച്ചത്.
നൗഷാദിന്റെ ഭാര്യ റുഖിയയും വീട്ടിനുള്ളിലുണ്ടായിരുന്നു. മരം വീഴുന്ന സമയത്ത് നൗഷാദ് സമീപത്തുള്ള സ്വന്തം കടയിലായിരുന്നു. പ്രദേശവാസികളാണ് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.ഇലപ്പള്ളിക്ക് സമീപം ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് മൂലമറ്റം-വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. ജനവാസമില്ലാത്ത മേഖലയലിലാണ് ഉരുള്‍പൊട്ടിയത്. ഇലപ്പള്ളി മേത്താനം എസ്റ്റേറ്റിലേയ്ക്ക് പോകുന്ന റോഡ് ഇടിഞ്ഞു.
ഉരുള്‍പൊട്ടലില്‍ മൂന്നേക്കറോളം സ്ഥലം ഒലിച്ചുപോയി. കല്ലും മണ്ണും വന്നടിഞ്ഞ് മൂലമറ്റം-പുള്ളിക്കാനം റോഡിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇലപ്പള്ളി വടക്കേടത്ത് ബെന്നി, വടക്കേടത്ത് സണ്ണി, മുട്ടം ഏരിമറ്റത്തില്‍ സാബു എന്നിവരുടെ പറമ്പുകളിലൂടെയാണ് ഉരുള്‍ കടന്നുപോയത്.
ഇവരുടെ പുരയിടങ്ങളില്‍ കൃഷി ചെയ്തിരുന്ന റബര്‍, കൊടി, കൊക്കോ, വാഴ .പൈനാപ്പിള്‍ തുടങ്ങിയ കൃഷി ദേഹണ്ഡങ്ങള്‍ നശിച്ചു.മൂലമറ്റം-വാഗമണ്‍ റോഡിലേയ്ക്ക് എത്തിയ മണ്ണും കല്ലും, നീക്കം ചെയ്യാന്‍ എക്‌സകവേറ്റര്‍ എത്താന്‍ താമസിച്ചതു മൂലം കാഞ്ഞാര്‍ പോലിസിന്റെയും ഇലപ്പള്ളി വില്ലേജ് അധികൃതരുടെയും മൂലമറ്റം ഫയര്‍ഫോഴ്‌സിന്റെയും, വാര്‍ഡ് മെമ്പര്‍ ഷിബു പാറേക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള നാട്ടുകാരും ചേര്‍ന്ന് മണ്ണ് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത് . ഇതു മൂലം ഗതാഗതം പുനസ്ഥാപിക്കാന്‍ താമസം നേരിട്ടു. ഉരുള്‍ പൊട്ടലില്‍ ഇലപ്പള്ളി മേത്താനം എസ്റ്റേറ്റിലേയ്ക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."