പ്രവാസത്തില്‍ നിന്നും പറന്നിറങ്ങി അന്നം തേടി വീണ്ടും ഉയരങ്ങളിലേക്ക്
കോഴിക്കോട്: അതിജീവനത്തിന്റെ വഴിയില്‍ അമാന്തിച്ച് നില്‍ക്കാന്‍ അഷറഫിനായില്ല. കൊവിഡ് പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടിയപ്പോള്‍ പരിഭവം പറഞ്ഞ് നടക്കാതെ അധ്വാനത്തിന്റെ പുതിയ വഴികളിലൂടെ മുന്നേറാനാണ് ഈ യുവാവ് ശ്രമിച്ചത്. ഖത്തറില്‍ ഉസാന്‍അലിയിലെ മാര്‍ക്കറ്റിലെ ജോലിക്കാരനായിരുന്നു കുറ്റ്യാടിക്കടുത്ത് വേളം നമ്പാംവയലിലെ കേയത്തക്കുനി അഷറഫ്. കഴിഞ്ഞ ഡിസംബര്‍ 5നാണ് നാട്ടില്‍ വന്നത്. മൂന്നു മാസത്തെ അവധി കഴിഞ്ഞ് വീണ്ടും പ്രവാസ ലോകത്തേക്ക് പറക്കാനുള്ള തയാറെടുപ്പിനിടയാണ് കൊവിഡ് മഹാമാരി വന്നത്. യാത്ര മുടങ്ങിയത് മാത്രമല്ല ലോക്ക്ഡൗണ്‍ വന്നതോടെ ജീവിതം വഴിമുട്ടി.
സമ്പാദ്യമെല്ലാം തീര്‍ന്നു. ഇനിയെന്ത് എന്ന ചിന്ത അലട്ടാന്‍ തുടങ്ങിയപ്പോള്‍ നാട്ടില്‍ എന്തെങ്കിലും ജോലി തരപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്. പല പദ്ധതികളും ആലോചിച്ചിരിക്കുമ്പോഴാണ് വഴിത്തിരിവായ സംഭവമുണ്ടാകുന്നത്.അയല്‍വാസിയായ യുവാവ് തെങ്ങുകയറ്റ യന്ത്രവുമായി എത്തി. ആവേശത്തില്‍ അതുപയോഗിച്ച് തെങ്ങില്‍കയറി. മുകളിലെത്തിയ ഇയാള്‍ താഴെ ഇറങ്ങാനാവാത്ത അവസ്ഥയിലായി. സംഭവമറിഞ്ഞ അഷറഫ് ഓടിയെത്തി തെങ്ങില്‍ കയറി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ഈ വഴിക്ക് സഞ്ചരിച്ചാലോ എന്ന ചിന്ത അവനിലുണ്ടായത്. ഉടന്‍ ഒരു തെങ്ങുയറ്റ യന്ത്രം തരപ്പെടുത്തി. ജോലി തുടങ്ങി. തെങ്ങുകറാന്‍ ആളില്ലാതെ ജനം പ്രയാസപ്പെടുന്നത് അഷറഫിന്റെ പുതിയ ജോലിക്ക് നല്ല സാധ്യതകളുണ്ടാക്കി. അല്പം റിസ്‌ക്കാണെങ്കിലും തെങ്ങുകറ്റ ജോലിയിലേക്ക് ഈ പ്രവാസി ശ്രദ്ധ കേന്ദ്രീകരിച്ചു.
അതിരാവിലെ ജീന്‍സ് പാന്റും ഷൂവും ധരിച്ച് യന്ത്രവുമെടുത്ത് അഷറഫ് ജോലിക്ക് പുറപ്പടും. ദിനേന അമ്പതോളം തെങ്ങില്‍ നിന്നും തേങ്ങ പറക്കിനാവുമെന്ന് അഷ്‌റഫ് പറയുന്നു. ലോക് ഡൗണില്‍ കുടുങ്ങി ജീവിതം വഴിമുട്ടിയതോടെ തെങ്ങും തേങ്ങയുമെല്ലാം നാട്ടുകാര്‍ക്ക് പ്രധാനമായി. വേളം പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ദൂരുസ്ഥലങ്ങളില്‍ നിന്നും തന്റെ ഫോണിലേക്ക് വിളി വരുന്നതായി ഈ പ്രവാസി പറയുന്നു. ഇപ്പോ ആയിരക്കണക്കിന് തെങ്ങുകളില്‍ കയറിയിട്ടുണ്ട്.
ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയാല്‍ അത്യവശ്യത്തിനായി തേങ്ങയും കരിക്കിനും വേണ്ടിയുള്ള ഫോണ്‍ വിളികളും വരും. ഉമ്മയും ഭാര്യയും ഒരു പെണ്‍കുട്ടിയും നാല് സഹോദങ്ങളുമുള്ള അഷ്‌റഫിന്റെ കുടുംബം തറവാട്ടിലാണ് താമസം സ്വന്തം മായി വീട് വെക്കാനുള്ള ആഗ്രഹം മനസിലുണ്ട്. നവംബറില്‍ വിസാ കാലാവധി തീരും. അതിനു മുമ്പെ ഉസാന്‍ അലിയിലെ മാര്‍ക്കറ്റ് പിടിക്കണമെന്നാണ് സാമൂഹിക സേവകന്‍ കൂടിയായ ഈ പ്രവാസിയുടെ ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."