മധ്യവേനലവധി ക്ലാസുകള്‍ പാടില്ല: ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, സി.ബി.എസ്.ഇ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാലയങ്ങളിലും മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസ് നടത്തുന്നത് വിലക്കി ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
ഇതു സംബന്ധിച്ചുള്ള ഉത്തരവ് എല്ലാ സ്‌കൂളുകളിലും കര്‍ശനമായി നടപ്പാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
മധ്യവേനല്‍ അവധിക്കാലത്ത് കടുത്ത ചൂടും ജലക്ഷാമവും അവഗണിച്ച് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ ക്ലാസ് നടത്തുന്നതായി കമ്മിഷന് ലഭിച്ച പരാതിയും മാധ്യമ വാര്‍ത്തകളെത്തുടര്‍ന്നുമാണ് നടപടി. ക്ലാസ് നടത്തുന്ന സ്‌കൂളുകളില്‍ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തണമെന്ന് 2016 ഫെബ്രുവരി 25ന് പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതു പാലിക്കാതെയാണ് മിക്ക സ്‌കൂളുകളും ക്ലാസ് നടത്തുന്നതെന്ന് കമ്മിഷന്‍ കണ്ടെത്തിയിരുന്നു.
സ്‌കൂളുകളില്‍ മധ്യവേനല്‍ അവധി ക്യാംപുകളും വര്‍ക്ക്‌ഷോപ്പുകളും നടത്തുന്നതു സംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൃത്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം.
എയ്ഡഡ്, അണ്‍ എയ്ഡഡ് ഉള്‍പ്പടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും ബാധകമായ തരത്തിലാവണം നിര്‍ദേശമെന്നും നടപടി സ്വീകരിച്ചതു സംബന്ധിച്ച റിപ്പോര്‍ട്ട് 10 ദിവസത്തിനകം നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."