കരിപ്പൂരില്‍ ഒഴിവായത് വന്‍ ദുരന്തം
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്ക് പറന്നുയരാന്‍ റണ്‍വേയിലേക്ക് നീങ്ങിയ വിമാനത്തിന്റെ എന്‍ജിന്‍ ഭാഗങ്ങള്‍ ചിതറിത്തെറിച്ചു. നിയന്ത്രണം വിട്ട് ആടിയുലഞ്ഞ് റണ്‍വേയുടെ വശത്തെ ലൈറ്റില്‍ കയറിയിറങ്ങിയ വിമാനത്തിന്റെ ടയര്‍ തകര്‍ന്നു. തലനാരിഴക്ക് വന്‍ ദുരന്തം ഒഴിവായ കരിപ്പൂരില്‍ ഒന്നര മണിക്കൂര്‍ റണ്‍വേ അടച്ചിട്ടു. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം.
കരിപ്പൂരില്‍ നിന്ന് 186 യാത്രക്കാരുമായി പറന്നുയരാന്‍ റണ്‍വേയിലേക്ക് നീങ്ങിയ എയര്‍ഇന്ത്യയുടെ 937 വിമാനമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വിമാനം റണ്‍വേയിലൂടെ 600 മീറ്റര്‍ നീങ്ങി വേഗതയില്‍ കുതിക്കാനുളള തയാറെടുപ്പിനിടെയാണ് ഇടതു ഭാഗത്തെ എന്‍ജിന്‍ തകരാറിലായത്. വിമാനത്തിന്റെ എന്‍ജിനുള്ളിലെ ചില ഭാഗങ്ങള്‍ റണ്‍വേയില്‍ ചിതറിത്തെറിച്ചു. ഇതോടെ വിമാനം ആടിയുലഞ്ഞത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. അപകടമറിഞ്ഞ വൈമാനികന്‍ വിമാനം റണ്‍വേയുടെ ഒരുവശത്തേക്ക് നീക്കി. തുടര്‍ന്ന് അടിയന്തര സഹായം ഒരുക്കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറില്‍ അറിയിക്കുകയായിരുന്നു. ഇതിനിടെ റണ്‍വേയുടെ അരികില്‍ സ്ഥാപിച്ച ലൈറ്റില്‍ വിമാനം കയറിയിറങ്ങിയതോടെ ചക്രവും തകര്‍ന്നു.
എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചതോടെ കേന്ദ്ര സുരക്ഷാ സേന, ഫയര്‍ഫോഴ്‌സ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, എയര്‍ഇന്ത്യയുടെ സുരക്ഷ വിഭാഗം എന്നിവ റണ്‍വേയിലേക്ക് കുതിച്ചെത്തി. എന്നാല്‍ ഇതിനകം തന്നെ വൈമാനികന്‍ വിമാനം നിയന്ത്രണ വിധേയമാക്കിയിരുന്നു.
പിന്നീട് റണ്‍വേ ഏപ്രണിലേക്ക് തിരിച്ചു കൊണ്ടു വന്ന വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കി സര്‍വിസ് റദ്ദാക്കി. വിമാനത്തിന്റെ രണ്ട് എന്‍ജിനുകളില്‍ ഒന്നാണ് തകര്‍ന്നത്. വിമാനം റണ്‍വേയില്‍ അമിത വേഗതയിലല്ലാതിരുന്നതും പറന്നുയരാത്തതുമാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷയായത്.
വിമാനം അപകടത്തില്‍ പെട്ടതോടെ അധികൃതര്‍ റണ്‍വേ ഒന്നര മണിക്കൂറോളം താല്‍ക്കാലികമായി അടച്ചിട്ടു. തകരാറിലായ വിമാനത്തിന്റെ എന്‍ജിന്‍ ഭാഗങ്ങള്‍ ചിതറിയതിനാലാണ് റണ്‍വേ അടച്ചത്.
ഇവ പൂര്‍ണമായും നീക്കം ചെയ്താണ് മറ്റുവിമാനങ്ങള്‍ക്ക് ലാന്‍ഡിങിന് അനുമതി നല്‍കിയത്. ഈ സമയം കരിപ്പൂരില്‍ നിന്ന് ദില്ലിയിലേക്ക് പോകേണ്ട ഇന്‍ഡിഗോ, ചെന്നൈയിലേക്കുളള സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദോഹ, ബഹ്‌റൈന്‍ വിമാനങ്ങളും ഇവിടെയുണ്ടായിരുന്നു. ഇവയുടെ സര്‍വിസും ഒന്നര മണിക്കൂറിന് ശേഷമാണ് പുനരാരംഭിച്ചത്. പുതിയ എന്‍ജിനെത്തിച്ച് വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാനുളള ശ്രമത്തിലാണ് അധികൃതര്‍.
ഈ വിമാനത്തിലെ ദുബൈ യാത്രക്കാരെ പ്രത്യേക വിമാനത്തില്‍ വൈകുന്നേരം 5.30 ഓടെ കൊണ്ടു പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."