കോതമംഗലം ടൗണിലും നേര്യമംഗലം പാലത്തിന് ഇരുവശവും ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നു
കോതമംഗലം: പട്ടണത്തിലെ ട്രാഫിക് നവീകരണത്തിന്റെ ഭാഗമായി ടൗണില്‍ പി.ഒ ജങ്ഷനിലും നേര്യമംഗലം പാലത്തിന് ഇരുവശവും ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതായി ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു. കോതമംഗലത്ത് ട്രാഫിക് സിഗ്നല്‍ ലൈറ്റ് വേണമെന്നുള്ളത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. തൊട്ടടുത്ത പട്ടണങ്ങളായ പെരുമ്പാവൂരിലും മുവാറ്റുപുഴയിലുമെല്ലാം സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഹൈറേഞ്ചിന്റെ കവാടവും നിരവധി വിനോദ സഞ്ചാരികള്‍ കടന്നു പോകുന്ന പ്രദേശമായ കോതമംഗലത്ത് നാളിതുവരെ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നില്ല.
എന്നാല്‍ എം.എല്‍.എ മുന്‍കൈ എടുത്ത് കോതമംഗലത്ത് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന്റെ ആവശ്യകത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും, ആയതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ ആദ്യ ഘട്ടത്തില്‍ രണ്ടിടത്ത് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ തീരുമാനമാവുകയാണുണ്ടായത്. തിരക്കേറിയ പി.ഒ ജങ്ഷനില്‍ ആണ് ഒരു സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നത്.
അതുപോലെ സംസ്ഥാനത്തെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള യാത്രയില്‍ നേര്യമംഗലം പാലത്തിന്റെ വീതി കുറവ് മൂലം ഗതാഗത തടസം പതിവായിരുന്നു. ഇവിടെയും പാലത്തിന് ഇരുവശവും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ച് ഗതാഗതകുരുക്ക് ഒഴിവാക്കുമെന്നും എം.എല്‍.എ പറഞ്ഞു. ട്രാഫിക് സിഗ്നല്‍ ലൈറ്റിന്റെ പ്രവര്‍ത്തി ആരംഭിച്ചതായും എത്രയും വേഗത്തില്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാവുമെന്നും ഇതോടെ കോതമംഗലത്തെ നാട്ടുകാരുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നതെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."