പെരുമ്പാവൂര്‍ റോട്ടറി ക്ലബ്ബ് 35 ലക്ഷം രൂപയുടെ സേവനപദ്ധതികള്‍ നടപ്പിലാക്കും
പെരുമ്പാവൂര്‍: റോട്ടറി ക്ലബിന്റെ സ്ഥാനാരോഹണ ചടങ്ങുകളോടനുബന്ധിച്ച് 35 ലക്ഷം രൂപയോളം വരുന്ന വിവിധ സേവന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനസഹായം, ഉന്നത പഠന നിലവാരം പുലര്‍ത്തുന്ന പെരുമ്പാവൂര്‍ മേഖലയിലെ 100 കുട്ടികള്‍ക്ക് സൈക്കിള്‍ വിതരണം, ചികിത്സാ സഹായം, ഭവന സഹായ പദ്ധതി, ശുദ്ധജല പദ്ധതികള്‍ ഇവ നടപ്പിലാക്കും. കൂടാതെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്‌കൂളുകളില്‍ ചിത്രരചന, ദേശീയഗാന ക്വിസ് മത്സരങ്ങളും, അങ്കണവാടി കുട്ടികളുടെ കലോത്സവം സ്‌കൂളുകള്‍ക്കും അനാഥാലയങ്ങള്‍ക്കും ആവശ്യമായ സഹായങ്ങളും നല്‍കും. ഇതിനു പുറമെ ദന്തപരിശോധന രക്തദാന ക്യാംപുകളും കാന്‍സര്‍ ഡിറ്റക്ഷന്‍ ക്യാംപുകളും ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസുകളും ട്രാഫിക് അവേര്‍നസ് ക്ലാസുകളും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
റോട്ടറി ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ ഗ്രാന്റ് പദ്ധതി പ്രകാരം 50 ലക്ഷം രൂപ ചിലവു വരുന്ന പദ്ധതി നടപ്പിലാക്കാനും ഉദ്ദേശിക്കുന്നുണ്ട്. റോട്ടറി ക്ലബിന്റെ 35 -ാം പ്രസിഡന്റായി എ.ജി എബ്രഹാമിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ 14ന് വൈകിട്ട് ഏഴിന് ഇരിങ്ങോള്‍ റോട്ടറി ക്ലബ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. സ്ഥാനോരഹണ ചടങ്ങുകളോടനുബന്ധിച്ച് അന്നേ ദിവസം അഞ്ചു സ്‌കൂളുകളിലേക്ക് 25 കുട വീതവും ഒരു സ്‌കൂളിലേക്ക് ലൈബ്രറി പുസ്തകങ്ങളും അനാഥാലയത്തിലേക്ക് അടുക്കള ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിലേക്കായി 15,000 രൂപയും ഉപരിപഠന സഹായമായി 3,15,000 രൂപ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യും.
റോട്ടറി ജില്ലാ ഗവര്‍ണര്‍ ഇലക്ട് മാധവ് ചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ക്ലീന്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളില്‍ വേസ്റ്റ് കളക്ഷന്‍ ബിന്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ ഗവര്‍ണര്‍ നോമിനി ജോസ് ചാക്കോ, ജില്ല ഡയറക്ടര്‍ അഡ്വ. സോണെറ്റ് പോള്‍, അസി. ഗവര്‍ണര്‍ ഡോ. ഫിജി ഫെര്‍ണാണ്ടസ്, ജി.ജി.ആര്‍ പി. രാജീവ് എന്നിവര്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ എജി എബ്രഹാം, സജിത് ബാബു, എബി പോള്‍, പിമിന്‍ പോളി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."