വിടവാങ്ങിയത് അതികായന്‍
കേരളംകണ്ട പ്രഗത്ഭരായ രാഷ്ട്രീയനേതാക്കളില്‍ ഒരാളായിരുന്നു കെ.എം മാണി. കോണ്‍ഗ്രസില്‍നിന്നും പിണങ്ങിപ്പോന്ന ഒരുവിഭാഗം കേരളാ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കെ.എം ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചുവെങ്കിലും സ്ഥാപക നേതാക്കളില്‍ കെ.എം മാണി ഉണ്ടായിരുന്നില്ലെങ്കിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ കെ.എം മാണിയുടെ പങ്ക് നിര്‍ണായകമായിരുന്നു. അധികാരത്തില്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പാര്‍ട്ടിയെ തളരാതെ കൂടെകൊണ്ട് നടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരളാ കോണ്‍ഗ്രസ് അടിക്കടിയുണ്ടാകുന്ന പിളര്‍പ്പിനെ സൂചിപ്പിച്ച് വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രസ്താനമാണ് കേരളാ കോണ്‍ഗ്രസ് എന്ന ഒരു സിദ്ധാന്തംതന്നെ അദ്ദേഹം ആവിഷ്‌കരിക്കുകയുണ്ടായി.
കേരള രാഷ്ട്രീയത്തിലെ ചാണക്യന്മാരില്‍ ഒരാളായാണ് കെ.എം മാണിയേയും പരിഗണിക്കുന്നത്. യഥാര്‍ത്ഥ മതേതരവാദിയും ജനാധിപത്യവാദിയുമായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായതിന്റെ റെക്കോര്‍ഡ് അദ്ദേഹത്തിനുള്ളതാണ്. പതിനഞ്ചുതവണ അദ്ദേഹം സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ ഭരിച്ചു. അതില്‍ ഏറ്റവും പ്രധാനം ധനകാര്യവകുപ്പ് തന്നെയായിരുന്നു.
1965 മുതല്‍ പാലായില്‍നിന്നും തുടര്‍ച്ചയായി അദ്ദേഹം വിജയിച്ചുപോന്നു. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായതുപോലെതന്നെ 54 വര്‍ഷം പാലായെ പ്രതിനിധീകരിച്ച ജനപ്രതിനിധിയുമായിരുന്നു കെ.എം മാണി. കരിങ്ങോഴക്കല്‍ മാണി എന്ന മുഴുവന്‍ പേരുള്ള കെ.എം മാണി മരണംവരെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനായി തുടര്‍ന്നു. നീണ്ടകാലം മന്ത്രിസഭാ അംഗമെന്ന നിലയില്‍ ഖ്യാതി നേടിയ അദ്ദേഹം 2015 നവംബര്‍ 10ന് ബാര്‍കോഴ അഴിമതിയാരോപണത്തെ തുടര്‍ന്ന് സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു എന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം പറയത്തക്ക അപഖ്യാതികള്‍ ഇല്ലാതെയായിരുന്നു മുന്നോട്ടുപോയിരുന്നത്. മലയോര കര്‍ഷകരും കുടിയേറ്റ കര്‍ഷകരും അവരുടെ രക്ഷിതാവായാണ് അദ്ദേഹത്തെ കണ്ടിരുന്നത്.
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ മരത്തിട് പള്ളിയില്‍ കര്‍ഷക ദമ്പതികളായിരുന്ന തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30ന് ജനിച്ച കെ.എം മാണി കേരള രാഷ്ട്രീയത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ അതിപ്രധാനമായ പങ്കാണ് പില്‍ക്കാലത്ത് വഹിച്ചത്. ഒരുഘട്ടത്തില്‍ യു.ഡി.എഫില്‍നിന്നും മാറിനിന്നു കേരളാ കോണ്‍ഗ്രസ് സ്വതന്ത്രമായി നിലയുറപ്പിച്ചുവെങ്കിലും ഐക്യജനാധിപത്യ മുന്നണിയിലേക്ക് കേരളാ കോണ്‍ഗ്രസിനെ വൈകാതെ തിരികെ കൊണ്ടുവരുന്നതില്‍ നേതൃപരമായ പങ്കാണ് അദ്ദേഹം വഹിച്ചത്.
മദിരാശി ലോ കോളജില്‍നിന്നും നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം ഹൈക്കോടതി ജഡ്ജിയായിരുന്ന പി. ഗോവിന്ദമേനോന്റെ കീഴില്‍ 1955ല്‍ കോഴിക്കോട് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചെങ്കിലും തന്റെ തട്ടകം രാഷ്ട്രീയമാണെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസില്‍ കരുത്തനായിരുന്ന പി.ടി ചാക്കോയുടെ നിര്യാണത്തെതുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് കേരളാ കോണ്‍ഗ്രസില്‍ സജീവമാവുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് രൂപീകരിക്കുന്ന വേളയില്‍ അദ്ദേഹം കോട്ടയം ഡി.സി.സി സെക്രട്ടറിയായിരുന്നു. 1959ല്‍ അദ്ദേഹം കെ.പി.സി.സി മെംബറായത് രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ അക്ഷീണപ്രയത്‌നത്താല്‍ തന്നെയായിരുന്നു. എന്നാല്‍ ഏറെ വൈകാതെ കെ.എം ജോര്‍ജിനൊപ്പം ചേരുകയും 1964 മുതല്‍ കേരളാ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയും ചെയ്തു.
ആദ്യമായി മന്ത്രിയാവുന്നത് 1975ലെ അച്ചുതമേനോന്‍ മന്ത്രിസഭയില്‍ അംഗമായിക്കൊണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹം ദീര്‍ഘകാലം മന്ത്രിസ്ഥാനത്ത് തുടര്‍ന്നത് റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടാണ്. ബേബി ജോണിന്റെ 17 വര്‍ഷം ഏഴ് മാസത്തെ മന്ത്രിസ്ഥാനത്തെ മറികടന്നായിരുന്നു കെ.എം മാണി റെക്കോര്‍ഡ് സൃഷ്ടിച്ചത്. പത്ത് മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ നേട്ടവും കെ.എം മാണിക്കുതന്നെ. അച്ചുതമേനോന്‍, കെ. കരുണാകരന്‍, എ.കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍ എന്നിവരുടെ മന്ത്രിസഭകളിലാണ് അദ്ദേഹം മന്ത്രി പദവി വഹിച്ചത്. സത്യപ്രതിജ്ഞയിലും അദ്ദേഹംതന്നെ ഒന്നാം സ്ഥാനത്ത്. 11 തവണയാണ് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒരേ നിയോജക മണ്ഡലത്തെ മരണംവരെ പ്രതിനിധീകരിക്കുക എന്ന അസുലഭ ഭാഗ്യവും കെ.എം മാണിക്ക് തന്നെ. 1964ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തെ 1965 മുതല്‍ അദ്ദേഹം പ്രതിനിധീകരിച്ചുവരികയായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ ഒരിക്കല്‍പോലും അദ്ദേഹം പരാജിതനായില്ല.
2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന് ബിജു രമേശ് ആരോപണമുന്നയിക്കുകയും അത് കേസായി കോടതി കയറുകയും ചെയ്തതൊഴിച്ചാല്‍ കറുത്ത പാടുകളൊന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ പതിഞ്ഞിട്ടില്ല
ബാര്‍കോഴ കേസ് ഹൈക്കോടതി പരിഗണിക്കവെ 'കെ.എം മാണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനങ്ങളില്‍ ഭീതിയുണ്ടാക്കുമെന്ന' കോടതിയുടെ പരാമര്‍ശമാണ് അദ്ദേഹത്തെ രാജിവയ്ക്കാന്‍ ഇടയാക്കിയത്. മാത്രവുമല്ല സീസറുടെ ഭാര്യ സംശയങ്ങള്‍ക്ക് അതീതമായിരിക്കണമെന്ന കോടതി പരാമര്‍ശവും അദ്ദേഹത്തിന്റെ രാജിക്ക് വേഗംകൂട്ടി. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെ പ്രചാരണത്തില്‍ മുന്നണി പോരാളിയാകേണ്ടിയിരുന്ന യു.ഡി.എഫിന്റെ സമുന്നതനായ നേതാവിനെയാണ് അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയത്തിന്റെ ചുഴികളില്‍നിന്നും മലരികളില്‍നിന്നും അതിവിദഗ്ധമായി രക്ഷപ്പെട്ട് പാര്‍ട്ടിയെയും യു.ഡി.എഫിനെയും മുന്നോട്ട് നയിച്ചു എന്നതായിരിക്കും ചരിത്രം അദ്ദേഹത്തെക്കുറിച്ച് രേഖപ്പെടുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."