പോക്‌സോ വകുപ്പുകളില്ലാതെ പാലത്തായി കേസില്‍ 89 ാം ദിവസം കുറ്റപത്രം
കണ്ണൂര്‍: പോക്‌സോ വകുപ്പുകളില്ലാതെ പാലത്തായി കേസില്‍ 89 ാം ദിവസം കുറ്റപത്രം. 90 ദിവസമായാല്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായ ജാമ്യം ലഭിക്കും. അതിനായി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കണ്ണൂര്‍ പാലത്തായിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ ബി.ജെ.പി നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഭാഗിക കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. താരതമ്യേന നിസ്സാര വകുപ്പായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പോക്‌സോ വകുപ്പുകള്‍ നിലവില്‍ ചുമത്തിയിട്ടില്ല. ഡി.വൈ.എസ്.പി മധുസൂധനന്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടികളെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതായാണ് വിവരം. കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, റിമാന്റ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
താന്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയായ കുനിയില്‍ പത്മരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ ജനുവരി 15 മുതല്‍ ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവില്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും സുഹൃത്തിന്റെ വീട്ടില്‍ വച്ചും കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സഹപ്രവര്‍ത്തകനായ അധ്യാപകന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടിയെ നിരന്തരം വിളിച്ചുവരുത്തിയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൊഴി കൂടാതെ സഹപാഠിയും ഇതുസംബന്ധിച്ച് മൊഴി നല്‍കിയിരുന്നു.
പീഡനവിവരം പുറത്തായതിനെ തുടര്‍ന്ന് ഒളിവില്‍പോയ പത്മരാജനെ ഒരു മാസത്തിനു ശേഷമാണ് ഒളിത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. ലോക്കല്‍ പൊലിസ് ഗുരുതര വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അറസ്റ്റിലായതിനെ തുടര്‍ന്ന് പ്രതി തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യഹരജി സമര്‍പ്പിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യഹരജി പരിഗണിക്കവെ ഹൈക്കോടതി നിലപാട് തേടിയപ്പോഴാണ് ജൂണ്‍ 24ന് അന്വേഷണസംഘം പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജാമ്യഹരജി ജൂലൈ എട്ടിന് ഹൈക്കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."