കൊല്‍ക്കത്തയെ എറിഞ്ഞിട്ട് ചെന്നൈ
ചെന്നൈ: സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ബാറ്റിങ് നിരയെ പിടിച്ച്കെട്ടി ചെന്നൈ സൂപ്പര്‍കിങ്സിന് ഏഴ് വിക്കറ്റ് വിജയം. ആദ്യം ബാറ്റ്ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 17.2 ഓവറില്‍ ലക്ഷ്യം മറികടന്നു.
കൂറ്റനടികള്‍ക്ക് ഇത്തവണ ഇടവേള ഇടേണ്ടി വന്നെങ്കിലും ആന്ദ്രെ റസ്സല്‍ അര്‍ധ സെഞ്ച്വറിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയതിനാലാണ് കൊല്‍ക്കത്തയുടെ സ്കോര്‍ നൂറു കടന്നത്. 44 പന്തുകളില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ബൗണ്ടറികളുമടക്കം റസ്സല്‍ 50 റണ്‍സെടുത്തു. ദീപക് ചഹര്‍ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇമ്രാന് താഹിര്‍, ഹര്ഭജന് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ചെന്നൈയുടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയെ അവര്‍ 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സില്‍ എറിഞ്ഞിട്ടു. 10 റണ്‍സെടുക്കുന്നതിനിടെ മൂന്നു കൊല്‍ക്കത്ത ബാറ്റ്സ്മാന്മാര് പവലിയനില്‍ മടങ്ങിയെത്തിയിരുന്നു. ആദ്യ സ്പെല്ലില് മൂന്ന് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹറാണ് കൊല്‍ക്കത്തന്‍ മുന്‍നിരയെ തകര്‍ത്തത്.
സ്കോര്‍ ആറിലെത്തിയപ്പോള്‍ സൂപ്പര്‍ താരം ക്രിസ് ലിന്നിനെ വിക്കറ്റിന് മുന്പില് കുടുക്കി ചഹറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.
പിന്നാലെ അഞ്ചു പന്തില്‍ നിന്ന് ആറു റണ്‍സുമായി നിന്ന സുനില്‍ നരൈനെ ഹര്ഭജന് ചഹറിന്റെ കൈകളിലെത്തിച്ചു. പിന്നീടെത്തിയ നിഥീഷ് റാണ മൂന്ന് പന്തുകള്‍ നേരിട്ട് സംപൂജ്യനായി മടങ്ങി. ചഹറിന്റെ പന്തില്‍ റായുഡുവിന് ക്യാച്ച് നല്‍കിയാണ് റാണ മടങ്ങിയത്. ഒന്‍പത് റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയ കൊല്‍ക്കത്തയെ ഉത്തപ്പയും ദിനേഷ് കാര്‍ത്തികും കൈപിടിച്ചുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 24ല്‍ നില്‍ക്കെ 11 റണ്‍സെടുത്ത ഉത്തപ്പ മടങ്ങി. ചഹറിന്റെ പന്തില്‍ യാദവാണ് ഉത്തപ്പയെ പിടികൂടിയത്. അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ആന്ദ്രേ റസലാണ് കൊല്‍ക്കത്തയുടെ സ്കോര്‍ 108ല്‍ എത്തിച്ചത്. ദിനേഷ് കാര്‍ത്തിക് (19), പിയുഷ് ചൗള (8), കുല്‍ദീപ് യാദവ് (0), പ്രസിദ് കൃഷ്ണ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."