അടിയൊഴുക്കില്ലെങ്കില്‍ തമിഴകം ഇക്കുറി ഡി.എം.കെക്കൊപ്പം
ചെന്നൈ: ഏറെക്കാലം തമിഴ് സാംസ്‌കാരിക രാഷ്ട്രീയ രംഗം അടക്കിവാണ കലൈഞ്ജര്‍ കരുണാനിധിയും ജയലളിതയും ഇല്ലാതെയാണ് ഇത്തവണ തമിഴകം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അണ്ണാ ഡി.എം.കെയും ഡി.എം.കെയുമാണ് സംസ്ഥാനത്തെ പ്രബലര്‍. ദേശീയ കക്ഷികളായ ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.എമ്മും സി.പി.ഐയും ഇവിടെ ശിശുക്കളാണ്. അവര്‍ എത്ര സീറ്റില്‍ മത്സരിക്കണമെന്ന് ഡി.എം.കെയും അണ്ണാ ഡി.എം.കെയും തീരുമാനിച്ചു, പരമാവധി സീറ്റുകള്‍ ലഭിക്കേണ്ടതിനാല്‍ ദേശീയകക്ഷികള്‍ അത് അംഗീകരിച്ചു. ഇതിനകം പുറത്തുവന്ന സര്‍വേകളെല്ലാം തന്നെ ഡി.എം.കെക്ക് അനുകൂലവുമാണ്. അവസാനമായി തിങ്കളാഴ്ച പുറത്തുവന്ന എ.പി.ടി സര്‍വേയില്‍ കോണ്‍ഗ്രസ്- ഡി.എം.കെ മുന്നണിക്ക് 30 മുതല്‍ 33 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ആകെയുള്ള 39 സീറ്റില്‍ 37 ഉം നേടി ജയലളിതയുടെ അണ്ണാ ഡി.എം.കെ തൂത്തുവാരുകയായിരുന്നു. ബി.ജെ.പിക്കും പി.എം.കെക്കും ഓരോ സീറ്റുകളും ലഭിച്ചു. കന്യാകുമാരിയില്‍ വിജയിച്ച ബി.ജെ.പിയുടെ പൊന്‍രാധാകൃഷ്ണന്‍ കേന്ദ്രമന്ത്രിയുമായി. കോണ്‍ഗ്രസിനും ഡി.എം.കെക്കും ഒരുസീറ്റ് പോലും ലഭിച്ചതുമില്ല.
അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടുമൊരു ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ തമിഴകം ആകെ മാറി. ജയലളിതയും കരുണാനിധിയും മരിച്ചു. ഉലകനായകന്‍ കമല്‍ ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ സജീവമായി.
ജയലളിതയുടെ വിയോഗത്തോടെ അണ്ണാ ഡി.എം.കെ പിളര്‍ന്നു. പാര്‍ട്ടിയില്‍ വിഭാഗീയത പെരുകി. ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെയില്‍ പിളര്‍പ്പും ചേരിപ്പോരും ഉണ്ടായെങ്കിലും കരുണാനിധിയുടെ മരണത്തോടെ ഡി.എം.കെയെ ശക്തമായി മുന്നോട്ടുകൊണ്ടുപോവാന്‍ മകന്‍ എം.കെ സ്റ്റാലിനു കഴിഞ്ഞു. പാര്‍ട്ടിയുടെ ഈ കെട്ടുറപ്പും വിവിധ കക്ഷികളുമായുള്ള സഖ്യവുമാണ് ഡി.എം.കെയുടെ പ്രതീക്ഷ. ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധ ചേരിയിലെ പ്രധാന മുഖങ്ങളിലൊന്നായ ഡി.എം.കെ, കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, എം.ഡി.എം.കെ എന്നിങ്ങനെയുള്ള പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
അണ്ണാ ഡി.എം.കെയുടെ കൂടെ ബി.ജെ.പിയുള്‍പ്പെടെയുള്ള കക്ഷികളുമുണ്ട്. എന്നാല്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍ ഒട്ടും അനുകൂലമല്ല അണ്ണാ ഡി.എം.കെക്ക്. ബി.ജെ.പിയെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയത് തന്നെ അണ്ണാ ഡി.എം.കെയുടെ സാധ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ കടുത്ത വികാരം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്.
കാവേരി, ജി.എസ്.ടി, നോട്ട് നിരോധനം, ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വികാരം നിലനില്‍ക്കുന്നുണ്ട്. തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ഫാക്ടറി സമരത്തിനിടെ ഒന്‍പതുപേരെ പൊലിസ് വെടിവെച്ചുകൊന്നതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും അതൃപ്തി ശക്തമാണ്. അഴിമതിയുള്‍പ്പെടെയുള്ള വിഷയങ്ങളും സജീവ ചര്‍ച്ചയാണ്. ചുരുക്കത്തില്‍ സഖ്യം ബി.ജെ.പിക്കു നേട്ടമാണെങ്കിലും അണ്ണാ ഡി.എം.കെക്കു തിരിച്ചടിയാവാനാണ് സാധ്യത. കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍ പ്രതീക്ഷയില്ലാത്ത അഞ്ചുസീറ്റുകള്‍ ലഭിച്ചിട്ടും പ്രതിഷേധമറിയിക്കാതെ ബി.ജെ.പി തൃപ്തിപ്പെടുകയായിരുന്നു.
ഡി.എം.കെ സഖ്യകക്ഷിയായ മുസ്‌ലിം ലീഗിന്റെ നവാസ് കനി മത്സരിക്കുന്ന രാമനാഥപുരത്ത് മാത്രമാണ് ബി.ജെ.പിക്ക് കൂടുതല്‍ പ്രതീക്ഷയുള്ളത്. ഇവിടെ ദിനകരന്റെ കക്ഷിയുമായി സഖ്യത്തിലുള്ള എസ്.ഡി.പി.ഐയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയുടെ സാന്നിധ്യംമൂലം മുസ്‌ലിം വോട്ടുകളിലുള്ള പിളര്‍പ്പ് ഇവിടെ ബി.ജെ.പിയുടെ ഫലത്തെ സ്വാധീനിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ച് അടിത്തറ സജീവമാക്കിയ കോയമ്പത്തൂരിലെ സീറ്റ് ആണ് സി.പി.എമ്മിന് പ്രതീക്ഷയുള്ളത്.
ഡി.എം.കെ 20 സീറ്റിലും കോണ്‍ഗ്രസ് ഒന്‍പത് സീറ്റിലുമാണ് മത്സരിക്കുന്നത് സി.പി.എം, സി.പി.ഐ- രണ്ടുവീതം, മുസ്‌ലിം ലീഗ്- എം.ഡി.എം.കെ, കെ.എം.ഡി.കെ ഒന്നുവീതം എന്നിങ്ങനെയാണ് മറ്റുകക്ഷികളുടെ സീറ്റ് നില. അണ്ണാ ഡി.എം.കെയും 20 സീറ്റിലാണ് മത്സരിക്കുന്നത്. മാഹി ഉള്‍പ്പെടുന്ന പുതുച്ചേരിയിലും കോണ്‍ഗ്രസ് മത്സരിക്കും.
ബി.ജെ.പി- 5, പി.എം.കെ- 7, ഡി.എം.ഡി.കെ- 4, പുതിയ തമിളകം, ടി.എം.സി, പി.എന്‍.കെ- ഓരോന്ന് വീതം എന്നിങ്ങനെയാണ് എന്‍.ഡി.എ മത്സരിക്കുന്നത്. ഇതിനു പുറമെ ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം 37 സീറ്റിലും മത്സരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."