HOME
DETAILS

മാധ്യമപ്രവര്‍ത്തനത്തിലെ സ്വപ്‌നാടനം

  
backup
July 15 2020 | 00:07 AM

dr-sobastian-paul-869923-2020

 


പപ്പറാസികളെ അനുസ്മരിപ്പിക്കുന്ന അനുധാവനം ഉത്തമമായ മാധ്യമപ്രവര്‍ത്തനമാണോ എന്ന ചോദ്യത്തോടെയാണ് സ്വപ്നയുടെയും സന്ദീപിന്റെയും ബംഗളൂരു-കൊച്ചി യാത്രയുടെ തത്സമയ സംപ്രേഷണം അവസാനിച്ചത്. സരിതയ്‌ക്കൊപ്പം സി.ഡി തപ്പാന്‍ കോയമ്പത്തൂരിലേക്ക് ഓടിയ ചാനല്‍ കാമറകള്‍ ഈ ഓട്ടത്തിനുള്ള പരിശീലനം അന്നേ തുടങ്ങിയിരുന്നു. പൊതുനിരത്തിലൂടെ വാഹനം ഓടിക്കുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്ന ന്യായം വേണമെങ്കില്‍ പറയാം. അങ്ങനെയെങ്കില്‍ ബംഗളൂരുവിലേക്കുള്ള അജ്ഞാതവാഹനത്തെ തെരയുന്നതെന്തിന്? പൊതുനിരത്തിലൂടെ ഓടുന്ന ഏതു വാഹനവും ഒരര്‍ഥത്തില്‍ അജ്ഞാതവാഹനമാണ്.
അനുധാവനം, കാല്‍നടയായിട്ടാണെങ്കില്‍പോലും നിയമവിരുദ്ധമാണ്. സ്ത്രീയുടെ പിന്നാലെയാവുമ്പോള്‍ അതിന്റെ ഗൗരവം വര്‍ധിക്കുന്നു. തടവിലായ സ്ത്രീ എല്ലാം സഹിച്ചുകൊള്ളണമെന്ന് നിയമമില്ല. നിയമം ആവശ്യപ്പെടുന്ന സഹനം മാത്രമാണ് അനുവദനീയമായുള്ളത്. ആരാലും പിന്തുടരപ്പെടാതെ സ്വകാര്യതയിലും പൊലിസ് നല്‍കുന്ന സുരക്ഷിതത്വത്തിലും ന്യായാധിപന്റെ മുന്നില്‍ എത്തിപ്പെടുന്നതിനുള്ള അവകാശം തടവുകാരിക്കുണ്ട്. കുതിരാനില്‍ വാഹനം മാറിക്കയറേണ്ടിവന്ന പ്രതിക്കുനേരേ മൈക്കുമായി കുതിച്ചെത്തിയ ചാനല്‍ റിപ്പോര്‍ട്ടര്‍ വിലപ്പെട്ടതായി എന്തു കിട്ടുമെന്ന പ്രതീക്ഷയിലാണ് അപ്രകാരം സാഹസികനായത് എന്നറിയില്ല. എന്തിനും മടിക്കാത്ത സോഷ്യല്‍ മീഡിയയിലെ വിമര്‍ശനപടുക്കള്‍ക്കുപോലും അപഹാസ്യമായിത്തോന്നിയ സാഹസികതയാണ് വാളയാര്‍ മുതല്‍ കൊച്ചി വരെ ഒരു ചാനല്‍ നടത്തിയത്. ഇടയ്ക്ക് പ്രകൃതിയുടെ വിളി ഉണ്ടായോ എന്ന കാര്യം മാത്രം അവര്‍ വിവരണത്തില്‍ ഉള്‍പ്പെടുത്തിയില്ല.


സോഷ്യല്‍ മീഡിയയിലെ പരിഹാസകരോട് ചേര്‍ന്ന് മാധ്യമങ്ങളെ ഞാന്‍ പൂര്‍ണമായും തള്ളിപ്പറയുന്നില്ല. ചിലപ്പോള്‍ ആ അനുധാവനം അവശ്യം വേണ്ടതായ സംരക്ഷണമായിത്തീരും. പക്ഷേ വികാസ് ദുബെയ്ക്ക് മാധ്യമചക്ഷുസ് കാവലായില്ല. ഉജ്ജൈനിയില്‍ പിടിയിലായ ദുബെ കാണ്‍പൂരിലേക്കുള്ള യാത്രയിലാണ് പൊലിസിന്റെ വെടിയേറ്റ് മരിച്ചത്. ദുബെയെ കൊണ്ടുപോയ പൊലിസ് വാഹനത്തെ മാധ്യമപ്രവര്‍ത്തകര്‍ പല വാഹനങ്ങളിലായി അനുഗമിക്കുന്നുണ്ടായിരുന്നു. വഴിയില്‍ അവരെ പൊലിസ് അല്‍പനേരം തടഞ്ഞുവച്ചതിനാല്‍ ഏറ്റുമുട്ടലിന്റെ അപൂര്‍വദൃശ്യങ്ങള്‍ അവര്‍ക്ക് കാണാനോ കാണിക്കാനോ കഴിഞ്ഞില്ല. പൊലിസ് ഒരു കാര്യം ഉറപ്പിച്ചാല്‍ ആരുടെ കണ്ണ് വെട്ടിച്ചും കണ്ണ് കെട്ടിയും അവരതു നടത്തും. മാധ്യമങ്ങളുടെ കണ്ണും അപ്പോള്‍ അടയും.


ചാനലുകളുടെ ആവിര്‍ഭാവത്തിനു മുമ്പൊരു വാരാന്ത്യത്തില്‍ ഹൈറേഞ്ചിലെ തങ്കമണി എന്ന ഗ്രാമത്തില്‍ പൊലിസിന്റെ തേര്‍വാഴ്ചയുണ്ടായി. കാമഭ്രാന്തും പ്രതികാരദാഹവുമായി നീങ്ങിയ ആ പൊലിസ് വ്യൂഹത്തിനു പിന്നാലെ മൈക്ക് പടവാളാക്കി ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് പില്‍ക്കാലത്ത് ആഗ്രഹിച്ചിട്ടുണ്ട്. എങ്കില്‍ അത് തങ്കമണിയിലെ നിസഹായരായ മനുഷ്യര്‍ക്ക് പൊലിസിന്റെ അത്യാചാരങ്ങളില്‍നിന്നുള്ള പ്രതിരോധമാകുമായിരുന്നു. തല്‍സമയസംപ്രേഷണത്തിന്റെ ശക്തി അത്ര വലുതാണ്. കോടിനേത്രങ്ങള്‍ നല്‍കുന്ന കരുത്താണത്. സെക്രട്ടേറിയറ്റും കോടതികളും അടഞ്ഞുകിടക്കുന്ന രാത്രിയിലും ടെലിവിഷന്‍ സിഗ്‌നലുകള്‍ എത്തേണ്ടിടത്തെത്തും.


സ്വപ്നയുടെ സുരക്ഷിതത്വമായിരുന്നില്ല പിന്തുടര്‍ന്നവരുടെ ലക്ഷ്യം. പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിനുള്ള വാണിജ്യപരമായ താത്പര്യം മാത്രമാണ് അതിന്റെ പിന്നില്‍ ഉണ്ടായിരുന്നത്. അതിനിടയില്‍ ഗൗരവമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ പോകുന്നു. നയതന്ത്രത്തിന്റെ ചാലിലൂടെയെത്തിയ സ്വര്‍ണം സ്വപ്നയ്ക്കു വേണ്ടിയുള്ളതായിരുന്നില്ല. സ്വപ്നയുടെ സാന്നിധ്യംപോലും സംഭവസ്ഥലത്തുണ്ടായിരുന്നില്ല. എന്നിട്ടും സ്വപ്ന കഥയിലെ നായികയായി. കള്ളക്കടത്തിന് ഉറവിടവും ലക്ഷ്യവുമുണ്ട്. രണ്ടും കണ്ടെത്തിയിട്ടില്ല. കണ്ടെത്തുമെന്നും തോന്നുന്നില്ല. നമ്മുടെ വിമാനത്താവളങ്ങളില്‍ ദിനേന നടന്നുകൊണ്ടിരിക്കുന്ന, ലോക്ക്ഡൗണിലും മുടങ്ങാത്ത, അനുഷ്ഠാനമാണ് കള്ളക്കടത്തും ഇടയ്ക്കിടെയുള്ള പിടിത്തവും. വാര്‍ത്തകളില്‍ സ്വപ്ന നിറഞ്ഞു നില്‍ക്കുമ്പോഴും അതിന് മുടക്കമുണ്ടാകുന്നില്ല. ഈ സ്വര്‍ണമത്രയും ഭീകരപ്രവര്‍ത്തനത്തിനുവേണ്ടിയാണെങ്കില്‍ എത്തുന്നതായി പറയപ്പെടുന്ന സ്വര്‍ണത്തിന് ആനുപാതികമായ ഭീകരപ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.
താരപ്പൊലിമയാണ് തിരുവനന്തപുരം കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമാക്കിയത്. അധികാരത്തിന്റെ അകത്തളങ്ങളിലെ വളകിലുക്കം വാര്‍ത്തയിലെ ഹരമാണ്. മാതാ ഹരി മുതല്‍ ക്രിസ്റ്റിന്‍ കീലര്‍ വരെ ആ കഥകള്‍ ചുരുളഴിഞ്ഞു കിടക്കുന്നു. വാര്‍ത്തയുടെ വിപണിയില്‍ താരസുന്ദരിയേക്കാള്‍ മൂല്യം ചാരസുന്ദരിക്കുണ്ട്. ഗുപ്തമായ രാഷ്ട്രീയത്തില്‍ പൊതിഞ്ഞ് നമ്മുടെ പത്രങ്ങള്‍ കണ്ടെത്തിയ ചാരസുന്ദരിമാരായിരുന്നു മാലിയില്‍നിന്നെത്തിയ രണ്ട് യുവതികള്‍. ലക്ഷ്യം തെറ്റിയ റോക്കറ്റായി അത് തകര്‍ന്നു വീണത് തിരക്കഥയിലെ തിരുത്താനാവാതെപോയ ദൗര്‍ബല്യം നിമിത്തമായിരുന്നു. വില്ലന്‍ ഐ.എ.എസാണെങ്കില്‍ കഥ ബോക്‌സ് ഓഫിസ് ഹിറ്റാകുമെന്ന് ശിവശങ്കറിനുമുമ്പേ തെളിയിച്ചയാളാണ് ശ്രീറാം വെങ്കിട്ടരാമന്‍.


മാധ്യമങ്ങളും സ്ത്രീകളും എന്നത് സ്ഥിരമായ ഒരു സെമിനാര്‍ വിഷയമാണ്. മാധ്യമങ്ങളില്‍ തൊഴില്‍പരമായും വാര്‍ത്താപരമായും അര്‍ഹിക്കുന്ന ഇടം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ചര്‍ച്ചകളില്‍ വ്യാപകമായി ഉയരാറുണ്ട്. എന്നാല്‍ ക്രൈമിലേക്കെത്തുമ്പോള്‍ സ്ത്രീകള്‍ക്ക് അങ്ങനെ ആക്ഷേപം ഉണ്ടാവാനിടയില്ല. സമീപകാലത്ത് കൂടത്തായിയിലെ ജോളി നേടിയ വാര്‍ത്താപ്രാധാന്യം മറ്റൊരു സ്ത്രീക്കും കിട്ടിയിട്ടുണ്ടാവില്ല. ടാബ്‌ളോയ്ഡ് ജേര്‍ണലിസത്തിന് അതിരസം പകരാന്‍ സ്ത്രീതാരങ്ങളെത്തുമ്പോള്‍ കഥയുടെ ഗതിയാകെ മാറുന്നു. ആരും കാലുമാറാതെയും കുതിരക്കച്ചവടമില്ലാതെയും മന്ത്രിസഭകള്‍ വീഴും. യുദ്ധമന്ത്രി ജോണ്‍ പ്രൊഫ്യൂമോയുടെ നിശാകാമുകി ക്രിസ്റ്റിന്‍ കീലര്‍ ചാരപ്പണിയാണ് നടത്തിയിരുന്നതെന്ന് ആക്ഷേപമുണ്ടായപ്പോള്‍ ബ്രിട്ടനില്‍ പ്രധാനമന്ത്രി ഹരള്‍ഡ് മാക്മില്ലന് രാജിവയ്‌ക്കേണ്ടിവന്നു. പീച്ചിയിലേക്കുള്ള സ്വകാര്യയാത്രയില്‍ ആഭ്യന്തരമന്ത്രിയുടെ അജ്ഞാതയായ സഹയാത്രിക അന്നത്തെ മുഖ്യമന്ത്രിയുടെ രാജിക്ക് കാരണക്കാരിയായി. കേരളത്തിലെ ക്രിസ്റ്റിന്‍ കീലര്‍ എന്നായിരുന്നു അന്ന് ഒരു പത്രത്തിലെ തലക്കെട്ട്. വാരിക്കുഴിയില്‍ വീഴ്ത്തുന്നതിനും തേന്‍കെണിയില്‍ പെടുത്തുന്നതിനും മാധ്യമങ്ങള്‍ക്ക് ഒരു സ്ത്രീയെ വേണം.


1968ല്‍ മലയാള മനോരമ അഭിമാനത്തോടെ പ്രസിദ്ധപ്പെടുത്തിയ ഒരു ചിത്രമുണ്ട്. ഇന്നും ആ പത്രത്തിന്റെ പഴംകഥകളില്‍ ആ ചിത്രം പ്രത്യക്ഷപ്പെടാറുണ്ട്. മാറിടം നാട്ടുനടപ്പനുസരിച്ച് മറയ്ക്കാത്ത പതിനെട്ട് വയസുള്ള ഒരു പെണ്‍കുട്ടിയെ പൊലിസുകാരുടെ മധ്യ പീഠത്തില്‍ കയറ്റി നിര്‍ത്തിയിരിക്കുന്ന ചിത്രമായിരുന്നു അത്. പൊലിസില്‍ വനിതകള്‍ ഇല്ലാതിരുന്നതിനാലാവാം അര്‍മാദിച്ചു നില്‍ക്കുന്ന പൊലിസുകാരെല്ലാം പുരുഷന്മാരായിരുന്നു. വെടിയേറ്റ ഇരയുടെ ശരീരത്തില്‍ ചവിട്ടി നില്‍ക്കുന്ന വേട്ടക്കാരന്റെ മുഖത്തെ രൗദ്രസ്മിതമായിരുന്നു പൊലിസുകാരുടെ മുഖത്ത്. അന്ന് നക്‌സലൈറ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട അജിതയുടെ ചിത്രമായിരുന്നു അത്. ഫൊട്ടോഗ്രഫര്‍ക്കുവേണ്ടി ഒരുക്കിക്കൊടുത്ത ദൃശ്യത്തെ വാര്‍ത്താചിത്രമായി കണക്കാക്കാനാവില്ല. തടവുകാരിക്കും മാനമുണ്ടെന്ന മനുഷ്യാവകാശതത്ത്വം ഇന്നെന്നപോലെ അന്നും മാധ്യമങ്ങള്‍ക്ക് പരിഗണനാവിഷയമായിരുന്നില്ല.


പപ്പറാസി എന്നത് സവിശേഷവും എന്നാല്‍ ഒട്ടൊക്കെ ഗര്‍ഹണീയവുമായ യൂറോപ്യന്‍ മാധ്യമപ്രവര്‍ത്തനരീതിയാണ്. കാമറയുമായി ആരുടെ പിന്നാലെയും പാത്തും പതുങ്ങിയും നടന്ന് സ്വകാര്യതാലംഘനം ആരോപിക്കാവുന്ന അനഭിലഷണീയമായ ചിത്രങ്ങള്‍ എടുക്കുന്ന പ്രവര്‍ത്തനമാണത്. അനുധാവനമാണ് അവരുടെ രീതി. ആ പാച്ചിലിലാണ് ബ്രിട്ടനിലെ ഡയാന കൊല്ലപ്പെട്ടത്. ആ വഴിയേയുള്ള നമ്മുടെ മാധ്യമപ്രവര്‍ത്തകരുടെ സഞ്ചാരം അനാശാസ്യമാണ്. ദുരുദ്ദേശ്യത്തോടെയുള്ള കൊച്ചുവര്‍ത്തമാനത്തിലല്ല, മറിച്ച് ഗൗരവമുള്ള വിഷയങ്ങളിലാണ് മാധ്യമങ്ങളുടെ ശ്രദ്ധ പതിയേണ്ടത്. യു.എ.പി.എ എന്ന ഡ്രാക്കോണിയന്‍ നിയമത്തെ കയറഴിച്ച് വിട്ടിരിക്കുമ്പോള്‍ ഈ ശ്രദ്ധയുടെ പ്രാധാന്യം വര്‍ധിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago