സ്രവപരിശോധനയ്ക്കായി സെക്രട്ടേറിയറ്റ് നടയില്‍ കാത്തിരുന്നത് മണിക്കൂറുകള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് മുന്‍കരുതലുകളും സുരക്ഷാ നടപടികളും സ്വീകരിക്കുന്നതില്‍ പിഴവുകള്‍ തുടരുന്നു. തലസ്ഥാനത്ത് ഭരണസിരാ കേന്ദ്രത്തിനു മുന്നില്‍ മുപ്പതോളം പൊലിസുകാരെ സ്രവപരിശോധനയ്ക്കായി വിളിച്ചുവരുത്തി കാത്തിരുത്തിയത് മണിക്കൂറുകളോളം. കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച പൊലിസുകാരുടെ സമ്പര്‍ക്ക പട്ടികയിലണ്ടായിരുന്ന വിവിധ സ്റ്റേഷനുകളിലെ പൊലിസുകാരെയാണു സ്രവപരിശോധനയ്ക്കായി സെക്രട്ടേറിയറ്റിനു മുന്നിലെ കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. രോഗഭീതി കാരണം ഇവരെ സ്റ്റേഷന്‍ വളപ്പിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഇതോടെ സെക്രട്ടേറിയറ്റ് മതില്‍ക്കെട്ടിന്റെ പടവില്‍ മണിക്കൂറുകളോളം ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഇവര്‍ കാത്തിരുന്നു.
രാവിലെ ഒന്‍പതിനു സ്റ്റേഷനിലെത്തിയ ഇവരില്‍ പലരും ഏറെ തിരക്കുള്ള സെക്രട്ടേറിയറ്റ് പരിസരത്ത് ഇടപഴകിയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി ഇരിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് എത്തിയതോടെയാണ് ഇവരെ പൊലിസ് വാനിലേക്ക് മാറ്റിയിരുത്താന്‍ അധികൃതര്‍ തയാറായത്. ഫോര്‍ട്ട് സ്റ്റേഷനില്‍ സ്രവപരിശോധന നടക്കുന്നതിനാലാണ് ആരോഗ്യപ്രവര്‍ത്തകര്‍ എത്താന്‍ വൈകുന്നതെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. വൈകിട്ട് നാലോടെയാണ് എസ്.എ.ടി ആശുപത്രിയിലെത്തിച്ച് സ്രവമെടുത്തത്.തലസ്ഥാനത്ത് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച കന്റോണ്‍മെന്റ്, ഫോര്‍ട്ട് സ്റ്റേഷനുകളിലെ പൊലിസുകാരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. ശേഷം ഇവര്‍ രണ്ടുപേരും രോഗം സ്ഥിരീകരിച്ച ദിവസവും ഡ്യൂട്ടിക്കെത്തിയിരുന്നു. ഇതോടെയാണ് ഇവരുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ക്ക് സ്രവപരിശോധന നടത്താന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."