പടിഞ്ഞാറന്‍ യു.പിയില്‍ മുസ്‌ലിം വോട്ടിലെ പിളര്‍പ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ബി.ജെ.പി
ലഖ്‌നോ: രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന ഉത്തര്‍പ്രദേശില്‍ ഇത്തവണ സമുദായവോട്ട് എസ്.പിയും ബി.എസ്.പിയും നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എക്കും ഇടയില്‍ ചിതറുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പി. യു.പിയിലെ ഇതുവരെയുള്ള തെരഞ്ഞെടുപ്പു ഫലങ്ങള്‍ സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ 20 ശതമാനത്തിനടുത്ത് വരുന്ന മുസ്‌ലിം സമുദായത്തിന്റെ വോട്ടുകള്‍ ബി.എസ്.പി, കോണ്‍ഗ്രസ്, എസ്.പി എന്നീ കക്ഷികളിലേക്കു വിഭജിച്ചു പോവുമെന്നാണ്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച വോട്ട്ബാങ്ക് ആയിരുന്നു യു.പി മുസ്‌ലിംകള്‍. ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെ കോണ്‍ഗ്രസിനു ലഭിച്ചുപോന്ന നിരുപാധിക പിന്തുണയില്‍ നിന്ന് സമുദായം മാറി ചിന്തിച്ചതോടെ എസ്.പിയിലേക്കും ബി.എസ്.പിയിലേക്കും കൂടി മുസ്‌ലിം വോട്ടുകള്‍ പോയിത്തുടങ്ങി. ഇതില്‍തന്നെ ബി.എസ്.പിയോടായി മുസ്‌ലിംകളുടെ അടുപ്പം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.പി-ബി.എസ്.പി മുന്നണിയില്‍ ചേരാതെ സ്വന്തം നിലക്കു മല്‍സരിക്കുന്ന കോണ്‍ഗ്രസിലേക്കു കൂടി മുസ്‌ലിം വോട്ടുകള്‍ ചിതറുന്നത് ഏറ്റവുമധികം ബാധിക്കുക ബി.എസ്.പിയുടെ നേട്ടത്തെയാവും. പടിഞ്ഞാറന്‍ യു.പിയിലാണ് സംസ്ഥാനത്തെ മുസ്‌ലിം സ്വാധീനമേഖലകള്‍ കൂടുതലും ഉള്ളത്. കിഴക്കന്‍ യു.പിയെ അപേക്ഷിച്ച് ബി.ജെ.പിക്ക് സംസ്ഥാനത്ത് കൂടുതല്‍ സ്വാധീനമുള്ളതും ഇവിടെയാണ്. ഈ സാഹചര്യമാണ് ബി.എസ്.പിക്കു കൂടുതല്‍ ആശങ്ക. തന്റെ ആശങ്ക ബി.എസ്.പി നേതാവ് മായാവതി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തെ 25 മണ്ഡലങ്ങളില്‍ ജയപരാജങ്ങള്‍ തീരുമാനിക്കാന്‍ മുസ്‌ലിം വോട്ടുകള്‍ക്കു കഴിയും. ഇതില്‍ തന്നെ എട്ടു മണ്ഡലങ്ങളില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷവുമാണ്. ഇവിടെ മുസ്‌ലിം വോട്ടുകളിലുണ്ടാവുന്ന പിളര്‍പ്പിനനുസരിച്ച് ബി.ജെ.പിക്കു സഹായകരമാവും.
ഉദാഹരണത്തിന് സഹാറന്‍പൂര്‍ മണ്ഡലം: നരേന്ദ്രമോദി തരംഗം നിലനിന്ന കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസിന്റെ ഇമ്രാന്‍ മസൂദ് 65,000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇമ്രാന് നാലുലക്ഷത്തോളം വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് ഇത്തവണയും ഇമ്രാനെ തന്നെയാണ് നിര്‍ത്തിയത്. ഹാജി ഫസലുര്‍റഹ്മാന്‍ ആണ് ഇവിടെ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. രണ്ടുപേരും പ്രദേശത്തെ അറിയപ്പെടുന്ന മുസ്‌ലിം രാഷ്ട്രീയ നേതാക്കള്‍. സിറ്റിങ് എം.പി രാഘവ് ആണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി. മുസ്‌ലിം വോട്ടുകളിലുണ്ടാവുന്ന നേരിയ വ്യതിയാനം പോലും സമുദായത്തിനു ഭൂരിപക്ഷമുള്ള ഈ മണ്ഡലത്തില്‍ ബി.ജെ.പിക്കു സഹായകരമാവും.
മറ്റൊരു മുസ്‌ലിം ഭൂരിപക്ഷമണ്ഡലമായ രാംപൂരില്‍ പക്ഷേ, ബി.ജെ.പിയുടെ വോട്ട്ബാങ്ക് പിളര്‍ത്തുകയെന്ന ഉദ്ദേശത്തോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. മുതിര്‍ന്ന എസ്.പി നേതാവ് അസം ഖാനാണ് ഇവിടെ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. മുന്നാക്കജാതി വിഭാഗത്തില്‍പ്പെട്ട സഞ്ജയ് കപൂര്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. നടി ജയപ്രദയെയാണ് ബി.ജെ.പി മല്‍സരിപ്പിക്കുന്നത്. ഇവിടെ പക്ഷേ മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കാന്‍ സാധ്യതയില്ലാത്തത് ബി.ജെ.പിക്കു തിരിച്ചടിയാവും. ഇത്തരമൊരു രാഷ്ട്രീയ തന്ത്രമാണ് ബിജ്‌നോറിലും. ബി.എസ്.പിയുടെ മുന്‍ മുതിര്‍ന്ന നേതാവ് നസീമുദ്ദീന്‍ സിദ്ദീഖിയാണ് ബിജ്‌നോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എന്നാല്‍ ഗുജ്ജാര്‍ സമുദായാംഗം മലൂക് നഗര്‍ ആണ് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. മുറാദാബാദില്‍ മുസ്‌ലിം വോട്ടില്‍ പിളര്‍പ്പ് ഉറപ്പാണ്. അറിയപ്പെട്ട ഉറുദു കവി ഇമ്രാന്‍ പ്രതാപ് ഗാര്‍ഹി കോണ്‍ഗ്രസിനും ഡോ. എസ്.ടി ഹസന്‍ മഹാസഖ്യത്തിനും വേണ്ടി മല്‍സരിക്കുന്നു. സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാറിനെ മാറ്റിയാണ് കോണ്‍ഗ്രസ് ഇവിടെ ഇമ്രാനെ നിര്‍ത്തിയത്.
കഴിഞ്ഞ ലോക്‌സഭാ, 2017ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കുകയും ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുകയും ചെയ്തതാണ് ബി.ജെ.പിക്കു നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 80ല്‍ 71 സീറ്റുകളാണ് ബി.ജെ.പിക്കു മാത്രമായി ഇവിടെ ലഭിച്ചത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്നു സീറ്റുകളോടെ ആധിപത്യം ആവര്‍ത്തിച്ചു. എന്നാല്‍, 2014ലും 2017ലും എസ്.പിക്കും ബി.എസ്.പിക്കും ലഭിച്ച വോട്ട് പങ്കാളിത്തം കൂട്ടിയാല്‍ ബി.ജെ.പിക്കു ലഭിച്ച മൊത്തം വോട്ടിനെക്കാള്‍ വരുമെന്ന കണക്കാണ് മഹാസഖ്യത്തിന്റെ ഏക ആശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."