ഉത്ര കൊലപാതകം: കുറ്റം സമ്മതിച്ച് സൂരജ്
പത്തനംതിട്ട: ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് മാധ്യമങ്ങള്‍ക്കു മന്നില്‍ സമ്മതിച്ച് പ്രതിയും ഭര്‍ത്താവുമായ അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജ് (27). വനംവകുപ്പിന്റെ നേതൃത്വത്തില്‍ പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സൂരജ് പരസ്യമായി കുറ്റസമ്മതം നടത്തിയത്. എന്നാല്‍, കൊലപാതകത്തിനു പിന്നിലുള്ള കാരണം എന്താണെന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ലെന്നായിരുന്നു മറുപടി.
ഉറങ്ങിക്കിടന്ന അഞ്ചല്‍ ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്ര (25)യുടെ ഇടതുകൈയില്‍ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. സംശയത്തെ തുടര്‍ന്ന് ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്.പി ഹരിശങ്കറിനു പരാതി നല്‍കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങള്‍ പുറത്തുവന്നത്. സൂരജിനു പുറമെ പാമ്പുപിടിത്തക്കാരനായ പാരിപ്പള്ളി കുളത്തൂര്‍ക്കോണം കെ.എസ് ഭവനില്‍ സുരേഷ് കുമാറും അറസ്റ്റിലായിട്ടുണ്ട്. പാമ്പിനെ കൊണ്ടുവന്നതും കൈവശം വച്ചതടക്കമുള്ള കാര്യങ്ങളിലെ തെളിവെടുപ്പിനായാണ് ഇന്നലെ പ്രതികളെ പറക്കോട്ടെത്തിച്ചത്.
അതേസമയം, പരസ്യ കുറ്റസമ്മതം കുറ്റക്കാരായ കുടുംബാംഗങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഉത്രയുടെ സഹോദരന്‍ വിഷു ആരോപിച്ചു. കേസില്‍ ഭൂരിഭാഗം തെളിവുകളും ശേഖരിച്ച സാഹചര്യത്തില്‍ നടത്തിയ കുറ്റസമ്മതത്തിന്റെ ഉദ്ദേശം മറ്റൊന്നല്ലെന്നും വിഷു കുറ്റപ്പെടുത്തി. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് വനംവകുപ്പ് സംഘം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."