തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ സരിത നല്‍കിയ ഹരജികള്‍ ഹൈക്കോടതി തള്ളി
കൊച്ചി: വയനാട്, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരേ സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ സമര്‍പ്പിച്ച രണ്ട് ഹരജികളും ഹൈക്കോടതി തള്ളി. സരിതയുടെ ഹരജികള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജികള്‍ തള്ളിയത്. പരാതിയുണ്ടെങ്കില്‍ ഇലക്ഷന്‍ ഹരജിയാണ് സമര്‍പ്പിക്കേണ്ടിയിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇലക്ഷന്‍ ഹരജി ഫയല്‍ ചെയ്താല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കില്ലെന്ന് സരിതയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ സരിതയുടെ വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഷാജി പി. ചാലി വ്യക്തമാക്കി. സരിതയെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ച് കൊണ്ടുള്ള ഉത്തരവ് നിലവിലുണ്ട്. ജനപ്രാതിനിധ്യനിയമ പ്രകാരം രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയത്. കീഴ്‌ക്കോടതി വിധിക്കെതിരേ സ്റ്റേ വാങ്ങിയിരുന്നെങ്കിലും അനുവദിച്ച സമയത്തിനുള്ളില്‍ സ്റ്റേ ഉത്തരവ് സമര്‍പ്പിക്കാത്തതിനാലാണ് പത്രിക തള്ളുന്നതെന്നായിരുന്നു കമ്മിഷന്റെ വിശദീകരണം.
തന്റെ പത്രിക മാത്രം തള്ളിയതിന് പിന്നില്‍ രാഷ്ട്രീയക്കളി നടന്നിട്ടുണ്ടെന്നും വരണാധികാരി പക്ഷപാതപരമായി പെരുമാറിയെന്നും സരിത എസ്. നായര്‍ ആരോപിച്ചിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."