കടലാക്രമണം: പൊന്നാനി തീരത്ത് ഏക്കര്‍കണക്കിന് തീരം കടലെടുത്തു
പൊന്നാനി: വര്‍ഷങ്ങളായുള്ള കടലാക്രമണം മൂലം പൊന്നാനി മുതല്‍ ജില്ലാതിര്‍ത്തിയായ കാപ്പിരിക്കാട് വരെയുള്ള തീരത്ത് നഷ്ടപ്പെട്ടത് ഏക്കര്‍ കണക്കിന് തീരഭൂമി. ഓരോ വര്‍ഷവും ഇവിടത്തെ 600 മീറ്ററോളം നീളംവരുന്ന തീരമാണ് കടലെടുക്കുന്നത്.പലര്‍ക്കും രേഖകളില്‍ ഭൂമി ഉണ്ടെങ്കിലും ഇപ്പോള്‍ ഇവിടെ കടലാണ്. പാലപ്പെട്ടി അജ്‌മേര്‍ നഗര്‍, ലൈറ്റ് ഹൗസ് പരിസരം, എന്നിവിടങ്ങളിലാണ് കൂടുതല്‍ കര നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. കടല്‍ഭിത്തി തീരെയില്ലാത്ത തീരമാണ് അജ്‌മേര്‍ നഗര്‍.
നേരം ഇരുട്ടി വെളുക്കുമ്പോഴേക്ക് ജീവിത സമ്പാദ്യം മുഴുവന്‍ കടല്‍ കവര്‍ന്നെടുക്കുന്ന സ്ഥിതി കാലങ്ങളായി നേരിടുന്നവരാണ് തീരദേശവാസികള്‍. വര്‍ഷത്തിന്റെ പകുതിയും ദുരിതം നേരിടേണ്ടവരായി ഇവര്‍ മാറ്റപ്പെട്ടിട്ടും ശാശ്വത പരിഹാരമാര്‍ഗങ്ങള്‍ നടപ്പാകുന്നില്ല. മഴ തുടങ്ങി അവസാനിക്കുന്നതുവരെ കടലാക്രമണത്തിന്റെ രൂക്ഷത അനുഭവിക്കേണ്ടി വരുന്നതിനാല്‍ ഓരോ വര്‍ഷവും ഭവനരഹിതരാക്കപ്പെടുന്നവര്‍ നിരവധിയാണ്.
ഓരോ വര്‍ഷവും ഏക്കര്‍ കണക്കിന് തീരം കടലെടുക്കുമ്പോള്‍ തകര്‍ന്നടിയുന്നത് തീരത്തിന്റെ ജീവിത സമ്പാദ്യം കൂടിയാണ്.സ്വന്തമായുള്ള ഭൂമിയും വീടും കടലിന്റെ ഭാഗമായി മാറിയതോടെ തെരുവിലിറക്കപ്പെട്ട കുടുംബങ്ങളും കുറച്ചല്ല. കടലില്‍ കല്ലിടുന്ന ഏര്‍പ്പാടാണ് കടല്‍ഭിത്തി നിര്‍മാണത്തിന്റെ പേരില്‍ നടന്നുവരുന്നത്.
കാലവര്‍ഷത്തില്‍ നാശനഷ്ടങ്ങളുണ്ടാകുമെന്ന് ഉറച്ച ബോധ്യമായുണ്ടായിട്ടും തീരത്ത് യാതൊരു മുന്‍കരുതലും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്നാണ് പരാതി. തീരത്ത് വീട് വയ്ക്കാന്‍ ആരു പറഞ്ഞുവെന്ന പരിഹാസമാണ് സഹായം തേടിയെത്തുന്നവര്‍ക്ക് അധികൃതരില്‍നിന്ന് കേള്‍ക്കാറുള്ളത്. വീട് വയ്ക്കുമ്പോള്‍ കടല്‍ കിലോമീറ്ററിലേറെ അകലെയായിരുന്നുവെന്നത് കേള്‍ക്കാനോ തിരിച്ചറിയാനോ ബന്ധപ്പെട്ടവര്‍ മുതിരാറില്ല.കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ പത്ത് ഏക്കറിലധികം തീരമാണ് കടലെടുത്തതെന്ന് റവന്യു വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."