ശിവശങ്കറിനെ ചോദ്യം ചെയ്തത് നീണ്ട ഒമ്പത് മണിക്കൂര്‍, നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൂചന
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പത്ത് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്.
ചൊവ്വാഴ്ച വൈകിട്ടാണ് ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. വൈകിട്ട് 5.30 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ അസാനിച്ചത് ബുധനാഴ്ച പുലര്‍ച്ചെ രണ്ടേകാലിനാണ്. ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ പൂജപ്പുരയിലെ വീട്ടില്‍ തിരികെയെത്തിച്ചു.
ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെ ഇത്രയും നീണ്ട ചോദ്യംചെയ്യലിന് വിധേയമാക്കുന്നത് അസാധാരണമാണ്.
കസ്റ്റംസിന്റെ നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാവുകയായിരുന്നു. നിര്‍ണായക വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിവിധ രീതിയില്‍ അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് കസ്റ്റംസിന് ലഭിച്ച് വിവരം.
ഇന്നലെ ആദ്യം സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ വീട്ടിലെത്തിയിരുന്നു. മൂന്ന് ഉദ്യോഗസ്ഥരാണ് ശിവശങ്കറിന്റെ വീട്ടിലെത്തിയത്. ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടില്‍ പത്ത് മിനിറ്റോളം ചെലവഴിച്ചതിനു ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഔദ്യോഗിക ബോര്‍ഡ് ഇല്ലാത്ത വാഹനത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. അപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കാനും ഉദ്യോഗസ്ഥര്‍ തയാറായില്ല. കസ്റ്റംസ് ഡി.ആര്.ഐ സംഘം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി. ചോദ്യംചെയ്യലിനായി കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടിസ് നല്‍കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
കേസില്‍ കഴിഞ്ഞദിവസം മൂന്ന് പേരെ കൂടി കസ്റ്റംസ് പിടികൂടിയിരുന്നു. അറസ്റ്റിലായ കെ.ടി.റമീസുമായി ബന്ധപ്പെട്ട മൂന്നുപേരെ കൂടിയാണ് കസ്റ്റംസ് പിടികൂടിയത്. ഇവരില്‍ ഒരാള്‍ നേരത്തെ സ്വര്‍ണം കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയാണ്.
നയതന്ത്ര മാര്‍ഗം ദുരുപയോഗിച്ച് നടത്തിയ സ്വര്‍ണ്ണക്കടത്തുകളിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. വിദേശത്തുള്ള പ്രതിയെ വിട്ടുകിട്ടാന്‍ അന്വേഷണ സംഘത്തിന്റെ അപേക്ഷപ്രകാരമാണ് പ്രത്യേക കോടതിയുടെ വാറന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."