രാജ്യാന്തര യാത്രക്കാര്‍ക്കായി അണ്‍ലിമിറ്റഡ് പ്ലാനുമായി വോഡഫോണ്‍
കൊച്ചി: യു.എ.ഇ, യു.എസ്.എ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്കായി പരിധിയില്ലാതെ സംസാരിക്കാനും ഡാറ്റ ഉപയോഗിക്കാനും സാധിക്കുന്ന രാജ്യാന്തര റോമിങ് പായ്ക്കുമായി വോഡഫോണ്‍.
വോഡഫോണ്‍ ഐ-റോം ഫ്രീ എന്നു പേരിട്ടിരിക്കുന്ന ഈ പായ്ക്കിന് ഏഴു ദിവസത്തേക്ക് 2500 രൂപയാണ്. ഈ പായ്ക്ക് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഈ മൂന്നു രാജ്യങ്ങളില്‍നിന്നു നടത്തുന്ന കോള്‍, ഡാറ്റ എന്നിവയ്ക്ക് റോമിങ് ചാര്‍ജ് നല്‍കേണ്ടതില്ല.
വിളിക്കുന്ന കോളിനോ ഉപയോഗിക്കുന്ന ഡാറ്റയുടെ അളവിനോ പരിധിയില്ല. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ള ഇന്‍കമിങ്, ഔട്ട്‌ഗോയിങ് കോളുകള്‍ക്കും ഇതു ബാധകമാണ്. അതായത് യു.എസില്‍ യാത്ര ചെയ്യുന്ന ഉപഭോക്താവിന് അധിക ചാര്‍ജ് ഒന്നുമില്ലാതെ തന്നെ ഹോങ്കോങിലേക്ക് കോള്‍ ചെയ്യാം.
വിവിധ വില നിലവാരങ്ങളിലുള്ള പായ്ക്കുകള്‍ ലഭ്യമാണ്. മുപ്പതു ദിവസത്തേക്ക് 5,000 രൂപ, പത്തു ദിവസത്തേക്ക് 3,500 രൂപ, ഏഴു ദിവസത്തേക്ക് 2,500 രൂപ, 24 മണിക്കൂര്‍ നേരത്തേക്ക് 500 രൂപ എന്നീ പായ്ക്കുകള്‍ കമ്പനി വിവിധ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണക്കാക്കി ലഭ്യമാക്കിയിട്ടുണ്ട്.
സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്കും എന്നാല്‍ അവസാന നിമിഷം യാത്രയില്‍ മാറ്റങ്ങള്‍ വേണ്ടി വരുകയും ചെയ്യുന്നവര്‍ക്ക് 500 രൂപയുടെ 24 മണിക്കൂര്‍ പ്രത്യേക പാക്കേജും ലഭ്യമാക്കിയിട്ടുണ്ട്. ഒരിക്കല്‍ ഈ പാക്കേജ് ആക്ടീവേറ്റ് ചെയ്താല്‍ 47 രാജ്യങ്ങളില്‍ ഓട്ടോമാറ്റിക്കായി ഈ സേവനം ലഭിക്കും.
ആദ്യത്തെ അണ്‍ലിമിറ്റഡ് ഇന്റര്‍നാഷണല്‍ റോമിംഗ് പായ്ക്കാണിത്. തങ്ങളുടെ പ്രധാന ലക്ഷ്യ രാജ്യങ്ങളായ യുഎസ്എ, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളില്‍നിന്നു നടത്തുന്ന കോളുകള്‍, ഡാറ്റ ഉപയോഗം എന്നിവ പൂര്‍ണമായും ഈ രാജ്യങ്ങളില്‍ സൗജന്യമാണ്. യാത്രയ്ക്കിടയില്‍ സിം മാറുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതോടെ ഇല്ലാതായിരിക്കുകയാണ്.
തങ്ങളുടെ പ്രാദേശിക നമ്പര്‍ ഉപയോഗിക്കുന്ന ലാഘവത്തോടെ യാത്ര ചെയ്യുന്ന രാജ്യങ്ങളില്‍ ഇതുപയോഗിക്കാം. അധിക ചാര്‍ജിനെക്കുറിച്ചോ അധിക ബില്ലിനെക്കുറിച്ചോ ഓര്‍ത്ത് ആശങ്കപ്പെടേണ്ടതുമില്ല. യാത്രയ്ക്കിടില്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വോഡഫോണ്‍ നമ്പര്‍ ഉപയോഗിക്കുകയും ചെയ്യാം എന്ന് വോഡഫോണ്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ സന്ദീപ് കടാരിയ പറഞ്ഞു.
നാല്പത്തിയേഴു രാജ്യങ്ങളില്‍ ഹോം താരിഫില്‍ റോമിംഗ് നല്‍കുന്ന രാജ്യാന്തര റോമിംഗ് പായ്ക്ക് ആണ് വോഡഫോണ്‍ ഐ-റോം ഫ്രീ. ഇപ്പോള്‍ യുഎസ്എ, യുഎഇ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ റോമിംഗ് നടത്തുമ്പോള്‍ കോള്‍, ഡാറ്റ എന്നിവ വോഡഫോണ്‍ ഐ-റോം പായ്ക്കില്‍ പൂര്‍ണമായും സൗജന്യമാണ്. മറ്റു രാജ്യങ്ങളിലെ റോമിംഗിന് ഇന്‍കമിംഗ് കോള്‍ സൗജന്യമാണ്. ഡാറ്റ, കോള്‍ ഔട്ട്‌ഗോയിംഗിന് യഥാക്രമം ഒരു എംബിയ്ക്ക് ഒരു രൂപ, ഒരുമിനിറ്റിന് ഒരു രൂപ എന്നിങ്ങനെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."