റാഫേല്‍ പുനഃപരിശോധനാ ഹരജിയില്‍ വിധി ഇന്ന്
ന്യൂഡല്‍ഹി: റാഫേല്‍ പുനഃപരിശോധനാ ഹരജിയില്‍ സുപ്രിംകോടതി ഇന്ന് വിധിപറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് വിധി പുറപ്പെടുവിക്കുക. ഹരജിക്കാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ഷൂരി, പ്രശാന്ത് ഭൂഷന് എന്നിവര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജി, കോടതിയില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചതിന് ഉദ്യോഗസ്ഥര്ക്കെതിരേ കള്ളസാക്ഷ്യത്തിന് കേസെടുക്കണമെന്ന ഹരജി എന്നിവയും സുപ്രിംകോടതി പരിഗണിച്ചിരുന്നു.
ഒരിക്കല്‍ തള്ളിയ റാഫേല്‍ കേസ് വീണ്ടും കേള്‍ക്കണോ വേണ്ടയോ എന്നുമാത്രമാണ് സുപ്രിംകോടതി പരിശോധിക്കുന്നതെങ്കിലും തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വരുന്ന വിധി സുപ്രധാനമാണ്. ആദ്യ വിധിയിലെ ചില പിഴവുകള്‍ ചൂണ്ടിക്കാട്ടിയും പിന്നീട് പുറത്തുവന്ന രേഖകളുടെയും അടിസ്ഥാനത്തിലാണ് പുനഃപരിശോധനാഹരജി നല്‍കിയത്. നവംബര്‍ 12ന് സര്‍ക്കാര്‍ പറഞ്ഞത് വില വിവരങ്ങള്‍ സി.എ.ജിക്ക് സമര്‍പ്പിച്ചുവെന്നാണ്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റാഫേല്‍ കരാര്‍ സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിടാന്‍ സുപ്രിംകോടതി വിസമ്മതിച്ചത്. എന്നാല്‍ കോടതിയുത്തരവ് വരുന്ന സമയത്ത് സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യന്‍ ചര്‍ച്ച സംഘത്തെ മറികടന്ന് പ്രധാനമന്ത്രി നേരിട്ട് നടത്തിയ ചര്‍ച്ചയും ഇതിലെ ഇന്ത്യന്‍ സംഘത്തിലെ ഉദ്യോഗസ്ഥര്‍ എതിര്‍ത്ത കാര്യവും കോടതിയില്‍നിന്ന് മറച്ചുവച്ചുവെന്നും ഹരജിയിലെ വാദമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."