ദോഹ അന്താരാഷ്ട്ര പട്ടം പറപ്പിക്കല്‍ മേള തുടങ്ങി
ദോഹ: ദോഹയുടെ ആകാശത്ത് വര്‍ണാഭ പകര്‍ന്ന് ആസ്പയര്‍ ഒന്നാമത് അന്താരാഷ്ട്ര പട്ടംപറത്തല്‍ മേളയ്ക്ക് ആഘോഷപൂര്‍വമായ തുടക്കം. പ്രൊഫഷണല്‍ മല്‍സരത്തിന് പുറമേ കമ്യൂണിറ്റി ഫെസ്റ്റിവലും കൂടി ചേര്‍ന്നതാണ് അഞ്ച് ദിവസത്തെ പട്ടംപറത്തല്‍ മേള.
29 വരെ നടക്കുന്ന മേളയില്‍ 13 രാജ്യങ്ങളില്‍ നിന്നുള്ള 29 ടീമുകളാണ് വ്യക്തിഗതമായും ടീമായും മാറ്റുരക്കുന്നത്. ദിവസവും രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ ആസ്പയര്‍ പാര്‍ക്കിലാണ് മല്‍സരങ്ങളും അനുബന്ധ പരിപാടികളും നടക്കുക.
മേളയ്ക്കിടയില്‍ 5000ഓളം പട്ടങ്ങള്‍ സൗജന്യമായി വിതരണം ചെയ്യും. ഇതിനു പുറമേ പട്ടം സ്വന്തമായി രൂപകല്‍പ്പന ചെയ്യാനും അലങ്കരിക്കാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. പട്ടം നിര്‍മാണത്തെക്കുറിച്ചുള്ള വര്‍ക്ക് ഷോപ്പുകളും പറത്തുന്നതിനുള്ള തന്ത്രങ്ങളും പൊടിക്കൈകളും ഇതോടൊപ്പം ലഭിക്കും.
കത്താറ കള്‍ച്ചറല്‍ വില്ലേജ്, ഖത്തര്‍ എയര്‍വെയ്‌സ്, ഉരീദു, നിക്കോണ്‍, കിഡ്ഡി സോണ്‍ എന്നിവരുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് ഫോട്ടോഗ്രാഫി മല്‍സരം, കുട്ടികള്‍ക്ക് പോസ്റ്റര്‍ രചനാ മല്‍സരം, സ്‌കൂളുകള്‍ക്ക് പട്ടം ഡിസൈന്‍ മല്‍സരം എന്നിവ പട്ടംപറത്തല്‍ മേളയോടനുബന്ധിച്ച് നടക്കുന്നുണ്ട്. ഫോട്ടോ ബൂത്ത് വിന്‍ഡ് മെഷീന്‍, എഫ്1 സിമുലേറ്റര്‍, വിശ്രമത്തിന് വിന്‍ഡ് ഗാര്‍ഡന്‍, ഭക്ഷണ ശാലകള്‍ തുടങ്ങിയവയും സന്ദര്‍ശകര്‍ക്ക് ആസ്വാദനമേകും.
സ്‌കൂളുകളുടെ മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് 500 സ്‌കൂളുകള്‍ക്ക് ക്ഷണമയച്ചിട്ടുണ്ട്. 29ന് 7 മണിക്ക് ആസ്പയര്‍ പാര്‍ക്കില്‍ നടക്കുന്ന സമാപന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിക്കുക.
ഇത്തരമൊരു പരിപാടി ഖത്തറില്‍ ആദ്യമാണെന്ന് ആസ്പയര്‍ കത്താറ ഹോസ്പിറ്റാലിറ്റി സിഇഒ ഖുലൂദ് അല്‍ഹൈല്‍ പറഞ്ഞു. പരിപാടിയോട് ജനങ്ങളില്‍ നിന്ന് ഇതുവരെ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആവേശം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."