പ്രധാന പാതയോരങ്ങളിലെ അനധികൃത പാര്‍ക്കിങ്ങിനെതിരേ നടപടി
കാഞ്ഞങ്ങാട്: അനധികൃത പാര്‍ക്കിങ്ങിനെതിരേയും ഗതാഗതം തടസപ്പെടുത്തലിനെതിരേയും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സുധാകരന്റെ നിര്‍ദേശത്തില്‍ പൊലിസ് ശക്തമായ നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഐങ്ങോത്തുള്ള ഒരു ഓഡിറ്റോറിയത്തിന്റെ ഉടമക്ക് കഴിഞ്ഞ ദിവസം പൊലിസ് നോട്ടിസ് നല്‍കി. മിക്ക ദിവസങ്ങളിലും ഇവിടെ നടക്കാറുള്ള വിവാഹവുമായി ബന്ധപ്പെട്ട് ദേശീയപാതയില്‍ തലങ്ങും വിലങ്ങും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗതസ്തംഭനം ഉണ്ടാകാറുണ്ട് . ഇതു സംബന്ധിച്ചു നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥനത്തിലാണ് പൊലിസ് പാര്‍ക്കിങ് നിരോധിച്ചു കൊണ്ട് ഉടമക്ക് നോട്ടിസ് നല്‍കിയത്.
ഓഡിറ്റോറിയത്തിലെ പരിപാടികള്‍ക്ക് പാര്‍ക്കിങിനു സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഉടമക്ക് നല്‍കിയ നോട്ടിസില്‍ പറയുന്നു. അല്ലാത്ത പക്ഷം വാഹന ഉടമകള്‍ക്കൊപ്പം ഓഡിറ്റോറിയം ഉടമക്കെതിരേയും കേസെടുക്കുമെന്ന് മുന്നറിയിപ്പു നല്‍കി.
സംസ്ഥാന-ദേശീയപാതകള്‍ക്കരികില്‍ പൊതുസ്ഥലം കൈയേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിവൈ.എസ്.പി പി.കെ സുധാകരന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ പൊലിസ് നോട്ടിസ് നല്‍കി തുടങ്ങിയത്.
അനധികൃത പാര്‍ക്കിങ് നടക്കുന്ന എല്ലാ സ്ഥലങ്ങളും നിരീക്ഷിക്കാനും നോട്ടിസ് നല്‍കാനും പൊലിസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട് . പ്രധാന പാതയോരങ്ങളിലെ വിവാഹ വീടുകള്‍ക്കും നിയമം ബാധകമായിരിക്കുമെന്ന് പൊലിസ് പ്രത്യേകം അറിയിച്ചിട്ടുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."