പേപ്പട്ടി ഭീതിയില്‍ പിലിക്കോട് പഞ്ചായത്ത്
ചെറുവത്തൂര്‍: പിലിക്കോട് പഞ്ചായത്തിലെ കൊടക്കാട്ടും പരിസരങ്ങളിലും പേപ്പട്ടിശല്യം രൂക്ഷമായി. നാലു ദിവസത്തിനുള്ളില്‍ പതിനഞ്ചു പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു.
പൊള്ളപ്പൊയില്‍, കുഞ്ഞിപ്പാറ, ഓലാട്ട്, പാലക്കുന്ന് ,കൊടക്കാട് കണ്ണങ്കൈ, വലിയപറമ്പ് പ്രദേശങ്ങളിലാണ് പേപ്പട്ടി ഭീതി പരത്തുന്നത്. ഒരാഴ്ചയായി ഭീതി നിലനില്‍ക്കുമ്പോഴും അധികൃതര്‍ നായയെ പിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
കഴിഞ്ഞ ഞായറാഴ്ച പ്രദേശങ്ങളില്‍ അഞ്ചു പേര്‍ക്കു നായയുടെ കടിയേറ്റിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പത്തുപേര്‍ക്കു കൂടി കടിയേറ്റു. മേലാങ്കോട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍, വലിയപറമ്പിലെ കെ.പി രാമചന്ദ്രന്‍, മീനാക്ഷി, സി.വി പാറു, പ്രീത ഓലാട്ടെ ടി.പി മീനാക്ഷി, പൊള്ളപ്പൊയില്‍ എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിനി ആദില, കുഴിപ്രാട്ടെ പുഷ്പ, പാലക്കുന്നിലെ കെ.വി ഗംഗാധരന്‍ തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്.
പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെയും നായകളെയും പേപ്പട്ടി കടിച്ചിട്ടുണ്ട്. കടിയേറ്റവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ്, മറ്റു പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങില്‍ പ്രതിരോധ കുത്തിവയ്‌പെടുത്തു. നിരവധി തെരുവുനായ്ക്കള്‍ ഈ പ്രദേശങ്ങളില്‍ കൂട്ടത്തോടെ അലയുന്നുണ്ട്. പകല്‍ സമയത്തു പോലും പുറത്തിറങ്ങാന്‍ കഴിയുന്നില്ല. എന്നാല്‍ പേ പിടിച്ച നായ ഏതാണെന്നു കണ്ടെത്താന്‍ കഴിയാത്തതും ആശങ്ക ഉയര്‍ത്തുന്നു.
രാവിലെയും സന്ധ്യാസമയങ്ങളിലുമാണു നായകള്‍ അക്രമകാരികളാകുന്നത്. പ്രദേശത്തെ വിദ്യാലയങ്ങളിലേക്കു കാല്‍നടയായി പോകുന്ന വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."