ഇസ്‌റാഈലിനെതിരേ നടപടി വേണമെന്ന് 11 യൂറോപ്യന്‍ രാജ്യങ്ങള്‍
പാരിസ്: ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ അനധികൃത കുടിയേറ്റവും നിര്‍മാണ പ്രവര്‍ത്തനവും നടത്തുന്ന ഇസ്‌റാഈലിനെതിരേ യൂറോപ്യന്‍ യൂണിയന്‍ ശക്തമായ നിലപാടെടുക്കണമെന്ന് 11 അംഗരാജ്യങ്ങള്‍. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഫലസ്തീന്‍ ഭൂമിയില്‍ ഇസ്‌റാഈല്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിക്കുന്നതിനുള്ള വഴിതേടണമെന്നും എത്രയും വേഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശനയ തലവന്‍ ജോസഫ് ബോറലിനയച്ച കത്തില്‍ ഫ്രാന്‍സ്, ഇറ്റലി, ഹോളണ്ട്, ബെല്‍ജിയം, സ്വീഡന്‍, അയര്‍ലാന്‍ഡ്, ലക്‌സംബര്‍ഗ്, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, പോര്‍ച്ചുഗല്‍, മാള്‍ട്ട എന്നീ രാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു.
യൂറോപ്യന്‍ യൂണിയനുമായി പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ ഇസ്‌റാഈലിനെ അനുവദിക്കാതിരിക്കുക, പുതിയ സഹകരണ കരാറുകള്‍ റദ്ദാക്കുക, അന്താരാഷ്ട്ര കരാര്‍ പ്രകാരമുള്ള ഇസ്‌റാഈലിനെയും അധിനിവിഷ്ട പ്രദേശത്തെയും വേര്‍തിരിച്ചുകാണുക തുടങ്ങിയ ശിക്ഷാമാര്‍ഗങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചചെയ്യുന്നുണ്ടെന്ന് ഇസ്‌റാഈലി മാധ്യമം 'ഹാരെറ്റ്‌സ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
'ഫലസ്തീന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശം യൂറോപ്യന്‍ യൂണിയന്‍ അംഗരാഷ്ട്രങ്ങള്‍ കടുത്ത ആശങ്കയോടെയാണ് കാണുന്നത്. താങ്കള്‍ നേരത്തെ വ്യക്തമാക്കിയതു പോലെ ഇസ്‌റാഈലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങള്‍ക്കു വിരുദ്ധമാണ്'- കത്തില്‍ പറയുന്നു.
ജൂലൈ ഒന്നിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച നയതന്ത്ര പദ്ധതിയുടെ ചുവടുപിടിച്ചാണ് ഫലസ്തീന്‍ ഭൂമി കൈയേറുന്ന നീക്കവുമായി മുന്നോട്ടുപോകാന്‍ നെതന്യാഹു ഭരണകൂടം തീരുമാനിച്ചത്. ഇത് 1967ലെ ഇരുരാഷ്ട്ര പരിഹാരത്തിനുള്ള വഴികള്‍ അടക്കുമെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യൂറോപ്യന്‍ യൂണിയന്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."