റീ ടാറിങ് നടത്തിയ പാത തകര്‍ന്നു: പ്രവൃത്തിയില്‍ കൃത്രിമമെന്ന് ആരോപണം
നീര്ച്ചാല്: റീ ടാറിങ് പ്രവൃത്തി നടത്തി മാസങ്ങള്‍ കഴിയുന്നതിനു മുന്‍പേ പാത തകര്‍ന്നു. പ്രവൃത്തിയില്‍ കൃത്രിമമെന്ന് ആരോപണം. ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ ഏണിയര്‍പ്പ്, പുതുക്കോളി പാതയാണ് തകര്‍ന്നത്. പഞ്ചായത്ത് റോഡ് വികസന ഫണ്ടില്‍ നിന്നു മൂന്നു ലക്ഷം രൂപ ചെലവഴിച്ചാണ് ഇക്കഴിഞ്ഞ മാര്‍ച്ച് മാസം അവസാനത്തോടെ റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
എന്നാല്‍ റീ ടാറിങ് പ്രവര്‍ത്തി നടത്തി മാസങ്ങള്‍ തികയുന്നതിനു മുന്‍പെ പാതയിലെ മെറ്റലുകള്‍ ഇളകി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് ഈ പാതയില്‍ കൂടി സഞ്ചരിക്കാന്‍ കടുത്ത പ്രയാസം നേരിടുന്നു. ഇതോടെ പാത പൂര്‍ണമായും തകരുമെന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്.
പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന് കൃത്രിമം കാട്ടിയെന്ന ആരോപണവും നാട്ടുകാര്‍ ഉന്നയിക്കുന്നു. ഇതുസംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് പരിസരവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."