വസതിയുടെ പേരില്‍ പ്രിയങ്കയും കേന്ദ്രമന്ത്രിയും തമ്മില്‍ ട്വിറ്ററില്‍ പോര്
ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ ലോധി എസ്റ്റേറ്റിലെ സര്‍ക്കാര്‍ വസതിയുടെ പേരില്‍ പ്രിയങ്കയും കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരിയും തമ്മില്‍ ട്വിറ്ററില്‍ പോരാട്ടം. സര്‍ക്കാര്‍ വസതിയില്‍ രണ്ടു മാസത്തേക്കു കൂടി താമസിക്കാന്‍ അനുവദിക്കണമെന്ന പ്രിയങ്കയുടെ അപേക്ഷയ്ക്ക് പ്രധാനമന്ത്രി അനുമതി നല്‍കിയതായ വാര്‍ത്ത വ്യാജമെന്നാരോപിച്ച് പ്രിയങ്ക ഷെയര്‍ ചെയ്തതോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങുന്നത്.
ഓഗസ്റ്റ് ഒന്നിനു മുന്‍പ് വീടൊഴിയാന്‍ സര്‍ക്കാര്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ രണ്ടു മാസത്തേക്കു കൂടി അവിടെ താമസിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് താന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടില്ലെന്നും ജൂലൈ ഒന്നിനു ലഭിച്ച നോട്ടിസ് പ്രകാരം ഓഗസ്റ്റ് ഒന്നിനു ലോധി എസ്റ്റേറ്റിലെ 35ാം നമ്പര്‍ വസതി ഒഴിയുകയാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
ഇതിനു മറുപടിയുമായി കേന്ദ്രമന്ത്രി രംഗത്തെത്തി. പാര്‍ട്ടിയില്‍ നല്ല സ്വാധീനമുള്ള ഒരു കോണ്‍ഗ്രസ് നേതാവ് ജൂലൈ നാലിന് ഉച്ചയ്ക്ക് 12.05നാണു തന്നെ വിളിച്ചതെന്നും വീട് മറ്റൊരു കോണ്‍ഗ്രസ് എം.പിക്ക് നല്‍കുകയാണെങ്കില്‍ അവിടെ പ്രിയങ്കയ്ക്ക് തന്നെ താമസിക്കാമെന്ന് പറഞ്ഞിരുന്നുവെന്ന് ഹര്‍ദീപ് സിങ് പുരി മറുപടി നല്‍കി. താന്‍ ആ വീട് ഓഗസ്റ്റ് ഒന്നിനു തന്നെ ഒഴിയുകയാണെന്നും ആരെങ്കിലും താങ്കളെ വിളിച്ചിട്ടുണ്ടെങ്കില്‍ അതു തന്നെ ബാധിക്കുന്ന കാര്യമല്ലെന്നുമായിരുന്നു പ്രിയങ്കയുടെ മറുപടി. തൊട്ടുപിന്നാലെ, തന്നെ വിളിച്ചയാള്‍ താങ്കളുടെ കുടുംബത്തിന്റെ സ്വന്തക്കാരനും രാഷ്ട്രീയ ഉപദേഷ്ടാവുമാണെന്നുമായിരുന്നു കേന്ദ്രമന്ത്രി ട്രീറ്റ് ചെയ്തത്. അതിനാലാണ് തങ്ങള്‍ രണ്ടു മാസത്തേക്കു കൂടി താമസിക്കാന്‍ അനുമതി നല്‍കിയതെന്നും പുരി കുറിച്ചു. എന്നാല്‍, ഇതിനു പ്രിയങ്ക മറുപടി നല്‍കിയില്ലെങ്കിലും വിഷയം കോണ്‍ഗ്രസ് ഏറ്റെടുത്തു. ജനങ്ങള്‍ക്കു വേണ്ടി പോരാടുന്ന പ്രിയങ്കയ്ക്ക് നിങ്ങളുടെ സൗജന്യം വേണ്ടെന്നും പരിധിയില്ലാതെ വീരസ്യം പറച്ചില്‍ നിര്‍ത്തുന്നതാണ് നല്ലതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല ട്വിറ്ററില്‍ കുറിച്ചു. 35ാം നമ്പര്‍ വീട് താങ്കള്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനു കൊടുത്തോ ഇല്ലയോ എന്ന് എല്ലാവര്‍ക്കുമറിയാം. താങ്കള്‍ നുണ ആഘോഷിക്കുന്നത് നിര്‍ത്തണമെന്നും സുര്‍ജെവാല കുറിച്ചു.
വീട് വിടുകയാണെന്നും നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ടില്ലെന്നും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."