ബി.ജെ.പി പ്രകടനപത്രിക സംഘ്പരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍: എം.എം ഹസ്സന്‍
കോഴിക്കോട്: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക സംഘ്പരിവാര്‍ അജന്‍ഡ നടപ്പാക്കാനുതകുന്നതാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍.
ജനാധിപത്യത്തെ തകര്‍ത്ത് മതാധിഷ്ഠിത രാഷ്ട്രം നിര്‍മിക്കാനാണ് പ്രകടനപത്രിക മുന്‍തൂക്കം നല്‍കുന്നത്. ആര്‍.എസ്.എസ് ഹിന്ദുത്വ അജന്‍ഡകള്‍ക്കാണ് ഇതില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. പ്രഖ്യാപിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങള്‍ക്കെതിരായി പല കാര്യങ്ങളും പത്രികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനവും നികാഹ് ഹലാല, മുത്വലാഖ്, പൗരത്വ ബില്‍ എന്നിവയുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങളും ന്യൂനപക്ഷങ്ങളെ അസ്വസ്ഥരാക്കുന്നതാണ്.
മധ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ സുപ്രിംകോടതി വിധിച്ച ബാബരി മസ്ജിദ് കേസിലെ വിധിയെ വെല്ലുവിളിക്കുന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ രാമക്ഷേത്രനിര്‍മാണം. വിധിയെ മറികടന്നുള്ള പ്രകടനപത്രികയിലെ പ്രഖ്യാപനം സുപ്രിംകോടതിയെ വെല്ലുവിളിക്കുന്നതാണ്. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളെല്ലാം രാജ്യത്തെ സാധാരണക്കാരിലും ന്യൂനപക്ഷങ്ങളിലും ആശങ്കയുളവാക്കുന്നതാണ്. കപട വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളുടെ കണ്ണില്‍പൊടിയിടുന്നതാണ് പ്രകടനപത്രികയെന്നും ഹസ്സന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."