ക്രമീകരണങ്ങളില്‍ പാളിച്ച ; അപകടങ്ങള്‍ പതിവാകുന്നു
കഠിനംകുളം: കഴക്കൂട്ടം കാരോട് ബൈപാസ് നാലുവരിയാക്കുന്നതിന്റെ നിര്‍മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍ മുന്നേറുമ്പോള്‍, നിര്‍മാണത്തോടനുബന്ധിച്ചുള്ള ക്രമീകരണങ്ങളിലെ പാളിച്ച അപകടങ്ങള്‍ക്കിടയാക്കുന്നു.
നാല് റോഡുകള്‍ സംഗമിക്കുന്ന കഴക്കൂട്ടം ബൈപാസ് ജങ്ഷനിലും ടെക്‌നോപാര്‍ക്ക് ഫേസ് ത്രീ ജങ്ഷനിലുമുള്ള ഡിവൈഡറുകള്‍ നിര്‍മാണ കമ്പനി പൊളിച്ച് നീക്കിയിട്ട് ആഴ്ചകള്‍ പിന്നിട്ടു. ഇതിന് ബദലായി മറ്റു സൗകര്യങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടുമില്ല. ബൈപാസിന്റെ ഇരു വശങ്ങളിലൂടെയും മറ്റ് ഇട റോഡുകളിലൂടെയും ഇവിടെ എത്തുന്ന വാഹനങ്ങള്‍ തോന്നിയ പടി വശങ്ങളിലേക്ക് തിരിയുന്ന സ്ഥിതിയാണ്. ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ഇതിനിടയില്‍ നടന്നത്. കഴിഞ്ഞ ദിവസം ഫേസ് ത്രീ ജങ്ഷനില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചതും ഇത്തരത്തിലാണ്.
ഡിവൈഡറുകള്‍ പൊളിച്ച് നീക്കുമ്പോഴും മറ്റും വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ തിരിച്ച് വിടാനുള്ള ബാധ്യത നിര്‍മാണ കമ്പനിക്കുണ്ട്. ഇവിടങ്ങളില്‍ ഒരു ദിശാബോര്‍ഡ് പോലും വെച്ചിട്ടില്ല.
നാലുവരി പാതയുടെ ഇരു വശങ്ങളിലും സര്‍വീസ് റോഡിനോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുള്ള ഓടക്ക് സ്‌ലാബ് ഇടാത്തതും അപകട കാരണമാകുന്നുണ്ട്. മൂന്ന് ദിവസം മുന്‍പ് ഈ ഓടയില്‍ ഒരു കാര്‍ അകപ്പെട്ടത് കാരണം മണിക്കൂറുകളാണ് ഗതാഗത തടസമുണ്ടായത്. ഈ ഭാഗങ്ങളില്‍ ട്രാഫിക്ക് പൊലിസിന്റെ സാനിധ്യം കുറവായതും പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ട്.
കഴക്കൂട്ടം ജങ്ഷനിലുണ്ടായിരുന്ന ഭീമന്‍ ഡിവൈഡര്‍ പൊളിച്ച് നീക്കിയതോടെ നേരം പുലരുമ്പോള്‍ തന്നെ ഇവിടെ ഗതാഗതക്കുരുക്കാണ്. രാത്രി വൈകിയും ഈ കുരുക്ക് തുടരുന്ന സ്ഥിതിയാണ്. കഴക്കൂട്ടത്ത് ഉത്സവം തുടങ്ങിയതോടെ ഇത് ഇരട്ടിയായി.
കോര്‍പറേഷന്റെ ഒന്നാം വാര്‍ഡില്‍പ്പെട്ട കഴക്കൂട്ടത്തെ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടും അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പൊലിസിന്റെ ഭാഗത്ത് നിന്നു കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."