കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു
കോവളം: കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബീമാപ്പള്ളി മാണിക്യ വിളാകം അമിനാമന്സിലില് ഷാഹുല്‍ ഹമീദിന്റെയും ഷഹീദയുടെയും മകന് അല്‍ അമീ (21) നാണ് മരിച്ചത്. ഇന്നലെ രാവിലെ ആറു മണിയോടെ വിഴിഞ്ഞം ഇന്സ്പെക്ഷന് ബംഗ്ളാവിന് സമീപത്ത് ചെറുമണല്‍ തീരത്താണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കുളിക്കുന്നതിനിടയില്‍ അല്‍അമീനും രണ്ടും സുഹൃത്തുക്കളും തിരയൊഴുക്കില്‍ പെടുകയായിരുന്നു. സംഭവം കണ്ട ലൈഫ്ഗാര്‍ഡുകള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ അര്‍ഷാദ് (20), ഷാനവാസ് (21) എന്നിവരെ രക്ഷപ്പെടുത്തിയെങ്കിലും അല്‍ അമീനെ കാണാതാവുകയായിരുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി തെരച്ചില്‍ നടന്നുവരുന്നതിനിടെ മത്സ്യത്തൊഴിലാളികളാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. കോവളം പൊലിസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സിദ്ദീക്ക്, ആമിന എന്നിവര്‍ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."