2030 ഓടെ ഹജ്ജ് തീര്‍ഥാടനം ഹൈടെക് ആകും
മക്ക: ഹജ്ജ് തീര്‍ഥാടനം ഹൈടെക് ആക്കി മാറ്റാന്‍ സഊദി അറേബ്യ ഒരുങ്ങുന്നു. നൂതന സംവിധാനങ്ങള്‍ സജ്ജീകരിച്ച ഹൈടെക് ഹജ്ജിനായിരിക്കും ഹാജിമാര്‍ സാക്ഷ്യം വഹിക്കുക.പ്രത്യേകതരം ഇലക്ട്രോണിക്‌സ് വാച്ച്, സ്‌പെഷല്‍ ബാഡ്ജ്, ഇയര്‍ പ്ലഗ് തുടങ്ങി ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയായിരിക്കും ഹാജിമാര്‍ ഹജ്ജ് നിര്‍വഹിക്കുക. സഊദി ഹജ് ഉംറ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ ഹജ്ജ് സേവന മേഖലയില്‍ വരാനിരിക്കുന്നത് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത മാറ്റങ്ങളായിരിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം തന്നെ വ്യക്തമാക്കി കഴിഞ്ഞു. ആധുനിക സാങ്കേതികവിദ്യകള്‍ വഴി മികച്ച സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ഒപ്പം തീര്‍ഥാടന കര്‍മം എളുപ്പമാക്കുകയും ചെയ്യുകയാണ് മന്ത്രാലയലക്ഷ്യം. ഇതിന്റെ വിഡിയോയും മന്ത്രാലയം പുറത്ത് വിട്ടു.
സ്വന്തം രാജ്യത്ത് വച്ച് ഹജ്ജ് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡും ഇലക്‌ട്രോണിക് വളയും ഇയര്‍ ഫോണും ലഭിക്കും. മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും യാത്രക്കിടെ ആവശ്യമായ മുഴുവന്‍ മാര്‍ഗനിര്‍ദേശങ്ങളും ഇലക്‌ട്രോണിക് വളയും ഇയര്‍ ഫോണും വഴി ലഭിക്കും. തങ്ങളുടെ ഭാഷകളില്‍ തീര്‍ഥാടകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുന്നതിന് അതിവേഗ വിവര്‍ത്തന സേവനവും ഇയര്‍ ഫോണുകള്‍ നല്‍കും. ഇത് ഹാജിമാര്‍ക്ക് ഏറെ സഹായകരമായിരിക്കും. സ്വന്തം രാജ്യത്തു വച്ച് തന്നെ മുന്‍കൂട്ടി ലഭിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് വഴി എമിഗ്രേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലെ കടമ്പകള്‍ നിമിഷങ്ങള്‍ക്കകം പൂര്‍ത്തിയാക്കാനാകും. ഇതോടെ, കൗണ്ടറുകളില്‍ കാത്തു നില്‍ക്കേണ്ട അവസ്ഥ ഓര്‍മയാകും. എയര്‍പോര്‍ട്ടില്‍നിന്ന് ട്രെയിനില്‍ മക്കയിലേക്ക് യാത്ര ചെയ്യുന്നതിനും ഇതേ കാര്‍ഡ് മതിയാകും.
മക്കയിലെയും മദീനയിലെയും ഹോട്ടലുകളില്‍ പ്രവേശനം നല്‍കുന്നതിനുള്ള നടപടികളും ഇതുപോലെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഹോട്ടലുകളിലെ മുറികളുടെ വാതിലുകള്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് തീര്‍ഥാടകര്‍ക്ക് സ്വയം തുറക്കാം. എയര്‍പോര്‍ട്ടില്‍ നിന്ന് ലഗേജുകള്‍ കൈപ്പറ്റുന്നതിനുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടിവരില്ല. ലഗേജുകള്‍ മുറികളില്‍ എത്തുന്നതോടെ ഹാജിമാര്‍ക്ക് മറ്റൊരു ആശ്വാസം കൂടിയാകും.
ത്വവാഫ്, സഅ്‌യ് എന്നിവ നിര്‍വഹിക്കുന്ന തീര്‍ഥാടകര്‍ക്ക് ഏറെ സഹായകരമായിരിക്കും ഇലക്‌ട്രോണിക് വള. ത്വവാഫിന്റെയും സഅ്‌യിന്റെയും എണ്ണം ഇലക്‌ട്രോണിക് വള രേഖപ്പെടുത്തും. മസ്അയില്‍ പച്ച ലൈറ്റുകള്‍ ഉപയോഗിച്ച് പ്രത്യേകം അടയാളപ്പെടുത്തിയ, ചെറിയ വേഗത്തില്‍ ഓടേണ്ട സ്ഥലവും ഇലക്‌ട്രോണിക് വള തീര്‍ഥാടകരെ അറിയിക്കും.
ഇതോടൊപ്പം ത്വവാഫ്, സഅ്‌യ് കര്‍മങ്ങള്‍ക്കിടയില്‍ ചൊല്ലേണ്ട പ്രാര്‍ഥനകള്‍ ഇയര്‍ഫോണുകള്‍ തീര്‍ഥാടകരുടെ ചെവിയില്‍ ഉരുവിട്ടുകൊണ്ടിരിക്കും. ഇതോടെ ഹാജിക്ക് മറ്റൊരാളുടെ പിറകില്‍ അവര്‍ ചൊല്ലുന്നത് ഏറ്റു ചൊല്ലുന്ന രീതി ഒഴിവാക്കാം.
ഉച്ചത്തില്‍ ഏറ്റുചൊല്ലി മറ്റു തീര്‍ഥാടകര്‍ക്ക് പ്രയാസം സൃഷ്ടിക്കാതെയും ശാന്തമായും കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് സാധിക്കും. കൂടാതെ മക്ക, മദീന, മറ്റു പുണ്യസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വഴി തെറ്റി അലയുന്ന സാഹചര്യവും പുതിയ സാങ്കേതികവിദ്യകള്‍ പാടെ ഇല്ലാതാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."