അമ്മക്ക് ജീവനാംശം നല്‍കിയില്ല; മകന് ഒരുമാസം തടവ്
മാനന്തവാടി: അമ്മക്ക് ജീവനാംശം നല്‍കാതിരുന്ന മകനെ ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. വയോജനങ്ങളുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി സ്ഥാപിതമായ മെയിന്റനന്‍സ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്.
സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ പള്ളിയാലില്‍ സരസ്വതി അമ്മക്ക് പ്രതിമാസം 2000 രൂപ മണിയോഡറായി നല്കുന്നതില് വീഴ്ച വരുത്തിയതിന് മകന് സുനില്‍കുമാറിനാണ് ട്രിബ്യൂണല്‍ ചെയര്മാന് കൂടിയായ മാനന്തവാടി സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഒരുമാസത്തേക്കോ കുടിശ്ശിക തുകയായ 18,000 രൂപ അടക്കുന്നതുവരെയോ ജയില്‍ ശിക്ഷ വിധിച്ചത്.
സരസ്വതി അമ്മയ്ക്ക് ജീവനാംശമായി മാസം 2,000 രൂപ നല്‍കണമെന്ന് 2017 നവംബര്‍ 25ന് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു.
ഉത്തരവ് മകന് സുനില്‍കുമാര്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സരസ്വതിഅമ്മ 2018 ഫെബ്രുവരിയില്‍ വീണ്ടും ട്രിബ്യൂണലില്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സരസ്വതി അമ്മയും 71 വയസുള്ള ഭര്‍ത്താവ് ദാമോദരനും ഒറ്റക്കാണ് താമസം.
2009ല്‍ ആണ് വയനാട് ജില്ലയില്‍ ട്രിബ്യൂണല്‍ സ്ഥാപിച്ചത്. ജീവനാംശം നല്ക്കുന്നതിന് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് തടവിന് ശിക്ഷിച്ച ആദ്യത്തെ കേസാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."