സാംക്രമിക രോഗങ്ങള്‍ പടരുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തം
കൊട്ടാരക്കര: വേനല്‍ ചൂട് കടുത്തതോടെ ജില്ലയില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നടപടികള്‍ തുടങ്ങുകയും ചെയ്‌തെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണ്. ജലജന്യ രോഗങ്ങളും വേനല്‍ക്കാല രോഗങ്ങളുമാണ് പടര്‍ന്നു പിടിക്കുന്നത്. എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ്, മഞ്ഞപിത്തം തുടങ്ങിയ രോഗങ്ങളാണ് പടരുന്നത്. നേരത്തെ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ജില്ലയില്‍ 3 പേര്‍ മരിച്ചിട്ടുണ്ട്. രോഗബാധിതരായ പലരും ഇപ്പോഴും ചികിത്സയിലാണ്. തുടക്കത്തില്‍ ചികിത്സ ലഭിച്ചാല്‍ രോഗങ്ങള്‍ മാരകമാകില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.
വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച് വണ്‍ എന്‍ വണ്‍, ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മറ്റു രോഗങ്ങള്‍ ഉള്ളവരിലും ഇത് മാരകമാകാറുണ്ട്. തൊണ്ട വേദന, ശ്വാസംമുട്ടല്‍, മൂക്കൊലിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എളുപ്പമല്ല. രോഗ ലക്ഷണം ഉണ്ടായാല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടണം. എല്ലാ താലൂക്ക് ആശുപത്രികളിലും എച്ച് വണ്‍ എന്‍ വണ്‍ പനിയ്ക്ക് പ്രതിരോധ മരുന്ന് എത്തിച്ചിട്ടുണ്ട്. ജലജന്യ രോഗമായ ഡെങ്കിപ്പനി ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് പരത്തുന്നത്. തലവേദനയും ശരീരവേദനയുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.
വീട്ടിലും പരിസരപ്രദേശങ്ങളിലും കൊതുക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കരുത്. മലിനജലം ഉപയോഗിക്കരുത്. കുടിക്കുവാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. പുറത്തുനിന്നുള്ള ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കുകയും വേണം. ഇത്തരം രോഗങ്ങള്‍ക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ജില്ലാ താലൂക്ക് ആശുപത്രികളില്‍ പ്രത്യേകം വാര്‍ഡുകള്‍ സജ്ജമാക്കുകയും മരുന്നുകള്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യപ്രവര്‍ത്തകരെ സജ്ജമാക്കിയതായും അവര്‍ വ്യക്തമാക്കി. ജില്ലാ തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗരേഖയായിട്ടുണ്ടെങ്കിലും താഴെതട്ടില്‍ പ്രവര്‍ത്തനം മന്ദീഭവിച്ചുതന്നെയാണ്. പ്രാധമിക ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും ആശാപ്രവര്‍ത്തകരുമൊന്നും ഇനിയും സജ്ജമായിട്ടില്ല. ഗ്രാമീണ മേഖലകളിലാണ് ഇത്തരം രോഗങ്ങള്‍ വ്യാപിക്കുന്നത്. എന്നാല്‍ അതിനനുസരിച്ചുള്ള നടപടികള്‍ പഞ്ചായത്ത് തലത്തിലൊന്നും ആരംഭിച്ചിട്ടില്ല.
കൊതുക് നശീകരണവും ബോധവത്കരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും ഇനിയും തുടങ്ങിയിട്ടില്ല. ഈ പ്രക്രിയകള്‍ താഴെതട്ടുകളിലെത്തുമ്പോഴേക്കും രോഗം കൈപ്പിടിയില്‍ ഒതുങ്ങാത്ത സ്ഥിതിയാകും. ഹോട്ടലുകളിലും മറ്റും ഉപയോഗിച്ചുവരുന്ന വെള്ളത്തിന്റെ ഗുണപരിശോധനയോ വില്‍പന നടത്തുന്ന കുടിവെള്ളത്തിന്റെ പരിശോധനയോ വഴിവക്കിലെ ദാഹശമനികളുടെ പരിശോധനയോ, പൊതുമാര്‍ക്കറ്റിലെ ശുചിത്വ പരിശോധനയോ ഒരിടത്തും നടക്കുന്നില്ല. രോഗത്തിന് സ്വയം പ്രതിരോധ മാര്‍ഗം സ്വീകരിക്കുകയേ ജനങ്ങള്‍ക്ക് മുന്നില്‍ മാര്‍ഗമുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."