ടി.ടി.വി ദിനകരനെ അറസ്റ്റ് ചെയ്തു; സഹായി മല്ലികാര്‍ജുനയും പിടിയില്‍
ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരനെ പൊലിസ് അറസ്റ്റ് ചെയ്തു. അണ്ണാ ഡി.എം.കെ ചിഹ്നത്തിന് വേണ്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് 50 കോടി രൂപ കോഴ വാഗ്ദാനം ചെയ്തതിന് എ.ഐ.എ.ഡി.എം.കെ(അമ്മ) ഡെപ്യൂട്ടി ജന. സെക്രട്ടറിയും ശശികലയുടെ സഹോദരിയുടെ മകനുമായ ടി.ടി.വി ദിനകരനെ ദില്ലി പൊലിസ് കഴിഞ്ഞ നാലുദിവസമായി ചോദ്യം ചെയ്തിരുന്നു. രണ്ടില ചിഹ്നത്തിന് കോഴ നല്‍കിയ കേസിലാണ് അറസ്റ്റ്. അഴിമതിക്കും ഗൂഢാലോചനയ്ക്കുമാണ് ആര്‍.കെ നഗറിലെ പാര്‍ട്ടി സ്ഥാനാര്‍ഥി കൂടിയായ ദിനകരനെതിരേ കേസെടുത്തത്.
കേസില്‍ നേരിട്ട് ഹാജരാകാന്‍ ദിനകരന് ഡല്‍ഹി പൊലിസ് നോട്ടിസ് അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ്. ദിനകരനുമായി 50 കോടിയുടെ കരാര്‍ ഉറപ്പിച്ചെന്ന ഇടനിലക്കാരന്‍ ബെംഗളൂരു സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലെ കേസിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍നിന്ന് ദിനകരനെയും ശശികലയെയും പുറത്താക്കിയതായി അണ്ണാ ഡിഎംകെയിലെ ഒരു മുതിര്‍ന്ന മന്ത്രി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ എഡിഎംകെ എംഎല്‍എമാരുടെ യോഗം ദിനകരന്‍ വിളിച്ചു ചേര്‍ത്തിരുന്നു.
അണ്ണാ ഡി.എം.കെയുടെ ചിഹ്നവും പേരും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയില്‍ തന്റെ പക്ഷത്തിന് ചിഹ്നം അനുവദിച്ച് കിട്ടാനാണ് ദിനകരന്‍ 50 കോടി രൂപ വാഗ്ദാനം ചെയ്തതെന്നാണ് കഴിഞ്ഞ ദിവസം ഡല്‍ഹി പൊലിസിന്റെ പിടിയിലായ ഇടനിലക്കാരന്‍ നല്‍കിയ മൊഴി. 1.30 കോടി രൂപയുമായിട്ടാണ് ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖറെന്ന യുവാവിനെ പൊലിസ് പിടികൂടിയത്.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയെ സംബന്ധിച്ച് ശശികല വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും തമ്മിലുള്ള തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലാണ്. നേരത്തെ വോട്ടര്‍മാര്‍ക്ക് പണം കൊടുത്ത് വോട്ട് പിടിക്കാനുള്ള ശ്രമം ശശികല പക്ഷം നടത്തിയതോടെ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കിയിരിക്കുകയാണ്.
എന്നാല്‍ രണ്ടില ചിഹ്നത്തിനായി 50 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച ദിനകരന്‍ ഇടനിലക്കാരന്‍ എന്നുപറയുന്ന സുകേഷിനെ തനിക്ക് അറിയില്ലെന്നും. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."