ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച നീന്തല്‍കുളം പായല്‍ മൂടി നശിക്കുന്നു
കെ. മുഹമ്മദ് റാഫി
നെടുമങ്ങാട്: വെള്ളനാട് ഡിപ്പോയ്ക്ക് സമീപം ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച നീന്തല്‍കുളമാണ് സംരക്ഷിക്കാനാളില്ലാതെ പായല്‍ മൂടി നശിക്കുന്നത്. നീന്തലിലൂടെ പുതുതലമുറയുടെ ആരോഗ്യവും തൊഴില്‍ സാധ്യതകളും മുന്നില്‍ കണ്ടാണ് പഞ്ചായത്ത് അധികൃതര്‍ നീന്തല്‍ക്കുളം നിര്‍മിച്ചത്. നൂറിലധികം കുട്ടികളാണ് നീന്തല്‍ പരിശീലനം നടത്തിയിരുന്നത്. കുളത്തിന്റെ നവീകരണത്തിനായി വെള്ളനാട് പഞ്ചായത്ത് 45 ലക്ഷത്തിലധികം രൂപ വിവിധ ഘട്ടങ്ങളിലായി വിനിയോഗിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ദാന പദ്ധതിയിലൂടെ 23 ലക്ഷം രൂപ വിനിയോഗിച്ച് പ്രാഥമിക നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തുടര്‍ന്ന് 15 ലക്ഷം രൂപയുടെ ഫണ്ട് ചെലവാക്കി അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി. കുട്ടികളുടെ പരിശീലനത്തിന് വേണ്ടി പ്രധാന കുളത്തിനൊപ്പം രണ്ടു ചെറിയ കുളങ്ങളും തയാറാക്കി. കുളത്തിന് ചുറ്റുമതില്‍, പരിശീലനത്തിന് എത്തുന്നവര്‍ക്ക് വസ്ത്രങ്ങള്‍ മാറ്റുന്നതിന് മുറി, ശുചിമുറി എന്നിവ കൂടി സജ്ജമായത്തോടെ വെള്ളനാട് പഞ്ചായത്ത് നീന്തല്‍ രംഗത്ത് ശ്രദ്ധേയമാകാന്‍ തുടങ്ങി. ജില്ലാ അക്വാട്ടിക് മത്സരങ്ങളില്‍ ഇവിടെ നിന്നുള്ള കുട്ടികള്‍ വിജയരായി. സിമ്മിങ് ക്ലബ് രൂപീകരിച്ച് കുളത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി.
കുളത്തിന്റെ നിലവാരമുയര്‍ന്നതോടെ സ്പോര്‍ട്ട്സ് കൗണ്‍സിലില്‍ നിന്നും താല്‍ക്കാലികമായി ഒരു നീന്തല്‍ പരിശീലകനെ കൂടി ലഭിച്ചു.
2006ല്‍ 4.5 ലക്ഷം രൂപ വിനിയോഗിച്ച് കുളത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തി. എന്നാല്‍, പരിശീലകന് കൃത്യമായി പ്രതിഫലം ലഭിക്കാതായതോടെ കാര്യങ്ങള്‍ അവതാളത്തിലായി. കുട്ടികളുടെ നീന്തല്‍ പരിശീലനം മുടങ്ങി. പിന്നീട് കണ്ണമ്പള്ളി നവോദയ ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ് പഞ്ചായത്തിന്റെ അനുമതിയോടെ വെക്കേഷന് ക്യാംപുകള്‍ നടത്തി. കഴിഞ്ഞ രണ്ടു വര്‍ഷമായി നീന്തല്‍കുളം പരിപാലിക്കാന്‍ ആളില്ലാതെയായി. ഇതോടെ പായലും മാലിന്യങ്ങളും അടിഞ്ഞ് നീന്തല്‍കുളം നാശത്തിന്റെ വക്കിലായി. നീന്തല്‍ കുളം അടിയന്തിരമായി നവീകരിച്ച് കുട്ടികള്‍ക്ക് പരിശീലനത്തിന് തുറന്നു കൊടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."