കണ്‍സ്യൂമര്‍ ഫെഡില്‍ ശമ്പള പരിഷ്‌കരണം; കുറഞ്ഞ ശമ്പളം 15,500 രൂപ
കൊച്ചി: കണ്‍സ്യൂമര്‍ ഫെഡില്‍ കുറഞ്ഞ വേതനം 15,500 രൂപയും പരമാവധി വേതനം 81,500 രൂപയുമാക്കി ശമ്പള പരിഷ്‌കരണം നടപ്പാക്കിയതായി കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിവസ വേതനക്കാരും താല്‍ക്കാലിക ജീവനക്കാരുമുള്‍പ്പെടെ 2613 ജീവനക്കാര്‍ക്ക് 1.45 കോടി രൂപയുടെ ശമ്പള പരിഷ്‌കരണമാണ് നടപ്പിലാക്കുന്നത്. ഈ മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന വര്‍ധനവ് അടുത്ത മാസം മുതല്‍ ജീവനക്കാര്‍ക്ക് ലഭ്യമാകും.
2011 മാര്‍ച്ചിലാണ് ഫെഡറേഷനില്‍ അവസാനമായി ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. ഇതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ മാസ്റ്റര്‍ സ്‌കെയില്‍ നടപ്പിലാക്കി 11 സ്‌കെയിലുകളില്‍ പരിമിതപ്പെടുത്തി. ദിവസവേതന ജീവനക്കാരുടെ വേതനം 400 രൂപയില്‍ നിന്നും 650 ആക്കി ഉയര്‍ത്തി. 857 ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും. 8000 രൂപ വേതനാടിസ്ഥാനത്തില്‍ ജോലിനോക്കിയിരുന്ന കണ്‍സോളിഡേറ്റഡ് പേ ജീവനക്കാരുടെ ശമ്പള സ്‌കെയില്‍ 15,500- 23,100 രൂപ ആക്കി. കരാര്‍ ജീവനക്കാര്‍ക്ക് 25 ശതമാനം വര്‍ധനവ് വരുത്തി 12000ത്തില്‍ നിന്നും 15000 രൂപ ആക്കി.
പാര്‍ട്ട് ടൈം സ്വീപ്പര്‍ക്ക് 3610 രൂപയും ഡി.എയും 7450 രൂപയും ഡി.എയും എന്നാകും. 4270രൂപയും ഡി.എയും എന്നത് 8800ഉം ഡി.എയും എന്നാകും. കൂടാതെ എച്ച്.ആര്‍.എ പത്ത് ശതമാനം നിരക്കില്‍ പരമാവധി 900ത്തില്‍ നിന്നും 2000 ആക്കിയും മെഡിക്കല്‍ അലവന്‍സ് 1650ല്‍ നിന്നും 3500 രൂപയായും കണ്ണട അലവന്‍സ് 750ല്‍ നിന്നും 1250 ആയും ഉയര്‍ത്തിയതായും ചെയര്‍മാന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ ശമ്പള പരിഷ്‌കരണ മാത്യകയാണ് കണ്‍സ്യൂമര്‍ഫെഡും പിന്തുടര്‍ന്നിരിക്കുന്നത്.
ശമ്പള പരിഷ്‌കരണത്തിലൂടെ ഉണ്ടാകുന്ന അധിക ബാധ്യത നികത്തുന്നതിനായി ഫെഡറേഷന്റെ ബിസിനസ് വിപുലീകരണത്തിനായുള്ള പദ്ധതികല്‍ തയാറാക്കിയതായും ചെയര്‍മാന്‍ അറിയിച്ചു. മാന്യമായ വേതന വര്‍ധനവ് ട്രേഡ് യൂനിയനുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച എ അബ്ദുല്‍ റഷീദ് കണ്‍വീനറായുള്ള കമ്മിറ്റിയുടെ ശുപാര്‍ശയിന്മേലാണ് കണ്‍സ്യൂമര്‍ ഫെഡില്‍ ശമ്പളപരിഷ്‌കരണം നടപ്പിലാക്കുന്നത്.
കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് എ. സഹദേവന്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം അഡ്വ. പി.എം ഇസ്മയില്‍, പി. ആര്‍ രാജേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."