കോടതി ഉത്തരവ് ലംഘിച്ച് വൈദ്യുതി വിച്ഛേദിച്ചതായി പരാതി
തിരുവനന്തപുരം: കോടതി ഉത്തരവ് ലംഘിച്ച് കെ.എസ്.ഇ.ബി അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി പരാതി. ശംഖുമുഖത്ത് രാജീവ് നഗറില്‍ താമസിക്കുന്ന 79 വയസ് പ്രായമുള്ള ഡേവിഡാണ് പരാതിയുമായി രംഗത്തെത്തിയത്. വന്‍തുക വൈദ്യുതി ബില്‍ വന്നതിനെ തുടര്‍ന്ന് 2017ല്‍ തിരുവനന്തപുരം ജില്ലാ ഉപഭോതൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കണക്ഷന്‍ വിച്ഛേദിക്കരുതെന്ന് ഫോറം ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി അധികൃതരെത്തി കണക്ഷന്‍ വിച്ഛേദിക്കുകയായിരുന്നുവെന്നാണ് പരാതി.
ദീര്‍ഘകാലം അമേരിക്കയിലായിരുന്ന ഡേവിഡും ഭാര്യ ആലീസും 2010 മുതലാണ് ശംഖുമുഖത്ത് താമസത്തിനെത്തിയത്. അന്നു മുതല്‍ പ്രതിമാസം 15000 രൂപയോളം വൈദ്യുതി ബില്‍ വരുമായിരുന്നുവെന്ന് ഡേവിഡ് പറയുന്നു. എന്നാല്‍, സമാന വലുപ്പമുള്ള പരിസരത്തെ മറ്റു വീടുകളില്‍ 3000 രൂപ മാത്രമായിരുന്നു വരുന്നത്. പരാതി നല്‍കിയപ്പോള്‍ കെ.എസ്.ഇ.ബി അധികൃതരെത്തി മീറ്റര്‍ പരിശോധിനക്കായി കൊണ്ടുപോവുകയും മീറ്ററില്‍ തകരാറില്ലെന്ന് അറിയിക്കുകയും ചെയ്തു. അവരുടെ തന്നെ ഉപദേശം അനുസരിച്ച് ഒരു ലക്ഷത്തോളം രൂപ മുടക്കി കണക്ഷന്‍ ത്രീ ഫേസ് ആക്കുകയും ചെയ്തു. എന്നിട്ടും ബില്‍തുകയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്. അന്തിമ ഉത്തരവുണ്ടാകുന്നത് വരെ കണക്ഷന്‍ വിച്ഛേദിക്കുന്ന നടപടികളിലേക്ക് കടക്കരുതെന്നായിരുന്നു ഫോറത്തിന്റെ ഉത്തരവ്. ഇതിനിടയില്‍ പല ഘട്ടങ്ങളിലായി രണ്ടു വര്‍ഷത്തെ രണ്ടു ലക്ഷത്തിലധികം രൂപയുടെ ബില്ലും കെ.എസ്.ഇ.ബി ഡേവിഡിന് നല്‍കി. പിന്നാലെ കഴിഞ്ഞ ദിവസമെത്തി കണക്ഷന്‍ വിച്ഛേദിക്കുകയായിരുന്നു.കടുത്ത ചൂടില്‍ വൈദ്യുതിയില്ലാതെ വയോധികരായ താനും ഭാര്യയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നന്നും കെ.എസ്.ഇ.ബിയുടെ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും ഡേവിഡ് പറഞ്ഞു.
അതേസമയം നിയമാനുസൃത നടപടി മാത്രമാണ് സ്വീകരിച്ചതെന്ന് കെ.എസ്.ഇ.ബി ചാക്ക സെക്ഷന്‍ അധികൃതര്‍ പ്രതികരിച്ചു. 2017 വരെയുള്ള ബില്‍ സംബന്ധിച്ച് നടപടിയെടുക്കരുതെന്നായിരുന്നു ഫോറത്തിന്റെ ഉത്തരവ്. എന്നാല്‍, അതിനു ശേഷം രണ്ടു വര്‍ഷത്തോളം ബില്ലടക്കാതെ വൈദ്യുതി ഉപയോഗിച്ച ഡേവിഡ് രണ്ടുലക്ഷത്തോളം രൂപയാണ് കുടിശിക വരുത്തിയിരിക്കുന്നതെന്നും നിയമോപദേശം തേടിയ ശേഷമാണ് ഇക്കാര്യത്തില്‍ നടപടിയെടുത്തതെന്നും കെ.എസ്.ഇ.ബി അധികൃതര്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."