'ബി.ജെ.പി പ്രകടനപത്രിക ദീര്‍ഘവീക്ഷണമില്ലാത്തത്'
കൊട്ടാരക്കര: കോണ്‍ഗ്രസിന്റെ പ്രകടനപത്രിക രൂപവല്‍കരിക്കപ്പെട്ടത് ചര്‍ച്ചകളിലൂടെയാണെന്നും അത് ഇന്ത്യക്കാരുടെ ശബ്ദമാണെന്നും എന്നാല്‍ ബി.ജെ.പിയുടെ പ്രകടനപത്രിക രൂപവല്‍കരിക്കപ്പെട്ടത് അടച്ചിട്ട മുറിയിലായതിനാല്‍ അത് ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദവും ദീര്ഘവീക്ഷണമില്ലതുമാണെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് നീലേശ്വരം പിണറ്റിന്‍മൂട് ജങ്ഷനില്‍ നടന്ന യു.ഡി.എഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
തൊഴിലില്ലായ്മയും കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടതുണ്ടന്നും അതിനാല്‍ ശക്തമായതും വിവേകത്തോടെയുള്ളതുമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്നും അവര്‍ ചൂണ്ടിക്കാട്ടി. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് ബിജു കുളങ്ങര അധ്യക്ഷനായി.
ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. ഹരികുമാര്‍, പെരുംകുളം സജിത്, കേരള കോണ്‍ഗ്രസ്(ജേക്കബ്) ജില്ലാ സെക്രട്ടറി ആര്. രാജശേഖരന് പിള്ള, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ വി. ഗോപകുമാര്‍, ചാലൂക്കോണം അനില്‍, നെടുവത്തൂര്‍ വേണു, ജലജ സുരേഷ്, കെ. ഇന്ദിര, എസ്.ഒ സുഗതകുമാരി, ഉണ്ണി പിണറ്റിന്‍മൂട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."