അര്‍ത്തുങ്കല്‍-തങ്കിപ്പള്ളി-അന്ധകാരനഴി ബൈറൂട്ടിലെ മാമ്പറമ്പ് പാലത്തിന്റെ നിര്‍മാണം തുടങ്ങി
ചേര്‍ത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ മാമ്പറമ്പ് പാലത്തിന്റെ നിര്‍മാണം തുടങ്ങി. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അര്‍ത്തുങ്കല്‍ -തങ്കിപ്പള്ളി -അന്ധകാരനഴി യാത്രക്കുള്ള ബൈറൂട്ടിന്റെ രണ്ടാം കടമ്പകൂടി മറികടക്കും.
കുഞ്ഞിതൈ-മാമ്പറമ്പ്-വെള്ളപ്പനാട്ട് റോഡിലെ കുരിശിങ്കല്‍ തോടിന് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. കടക്കരപ്പള്ളി പഞ്ചായത്ത് ലോകബാങ്ക് ഫണ്ടില്‍ നിന്നുള്ള നാലുലക്ഷത്തിതൊണ്ണൂറായിരം രൂപ വിനിയോഗിച്ച് അഞ്ചരമീറ്റര്‍ വീതിയിലും മൂന്നര മീറ്റര്‍ നീളത്തിലുമാണ് പാലത്തിന്റെ നിര്‍മാണം. മന്ത്രി പി. തിലോത്തമന്‍ ആസ്ഥിവികസന ഫണ്ടില്‍നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് പാപ്പുപറമ്പ് പാലം നിര്‍മിച്ചതോടെയാണ് ഈ ബൈറൂട്ടിന്റെ ആദ്യകടമ്പ കടന്നത്. മാമ്പറമ്പ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ബൈറൂട്ടിന്റെ രണ്ടാംകടമ്പയും കടക്കും.
മൂന്നാം വാര്‍ഡിലെ പുന്നയ്ക്കല്‍ തോടിന് കുറുകെയുള്ള പാലം നിര്‍മിക്കുന്നതോടെ ബൈറൂട്ട് യാഥാര്‍ഥ്യമാകും. ഇതോടെ കിഴക്ക് ദേശീയപാതയ്ക്കും പടിഞ്ഞാറ് തീരദേശ പാതയ്ക്കും നടുക്കുള്ള പ്രധാന യാത്രാമാര്‍ഗവും ഇതാകും. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ ബസലിക്കയിലെ തിരുനാളിന്റെ ഭാഗമായും തങ്കിപള്ളിയിലെ വിശുദ്ധ വാരാചരണത്തോടനുബന്ധിച്ചും ഉണ്ടാകുന്ന വാഹനകുരുക്ക് പരിഹരിക്കാന്‍ ഈ ബൈറൂട്ട് ഉപകരിക്കും.
പ്രദേശവാസികള്‍ക്ക് അന്ധകാരനഴി ചെല്ലാനം വഴി എറണാകുളത്തേക്കും അര്‍ത്തുങ്കല്‍ വഴി ആലപ്പുഴയിലേക്കും വേഗത്തില്‍ എത്താനുള്ള ഗതാഗതമാര്‍ഗവും ഇതായി മാറും.
മാമ്പറമ്പ് പാലത്തിന്റെ നിര്‍മ്മാണം ഈ മാസം തന്നെ പൂര്‍ത്തീകരിക്കുമെന്നും കുഞ്ഞിത്തൈ-മാമ്പറമ്പ്-വെള്ളപ്പനാട്ട് റോഡില്‍ 150 മീറ്ററോളം ഭാഗത്ത് റോഡ് പൂര്‍ത്തീകരിക്കാനുള്ളത് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കുമെന്നും കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."