കുളിച്ചു, കഞ്ഞിവച്ചു കഴിച്ചു, മോഷ്ടിച്ച് മടങ്ങി!
വെള്ളമുണ്ട (വയനാട്): കുളിച്ചു, കഞ്ഞിവച്ചു കഴിച്ചു, മോഷ്ടിച്ച് മടങ്ങി!... മഴക്കാലത്ത് മോഷണം പതിവാണെങ്കിലും മണിക്കൂറുകളോളം ചെലവിട്ട് കഞ്ഞിയുണ്ടാക്കി കുടിച്ച്, വെള്ളം ചൂടാക്കി കുളിച്ച് പണവുമായാണ് വയനാട്ടില്‍ കഴിഞ്ഞ ദിവസം മോഷ്ടാവ് സ്ഥലം വിട്ടത്. വെള്ളമുണ്ട എട്ടേനാലിലെ എ.യു.പി സ്കൂളിന് മുന്നിലെ രുചി മെസ് ഹൗസില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
കുറച്ച് സ്ത്രീകള്‍ ചേര്‍ന്നു സ്വയം സംരംഭമായി നടത്തുന്ന വനിതാ മെസാണിത്. അരി വേവാന്‍ എടുക്കുന്ന മണിക്കൂറുകള്‍ കൊണ്ട് കുളിക്കാന്‍ വെള്ളവും ചൂടാക്കി. കുളി കഴിഞ്ഞ് ഉണ്ടായിരുന്ന ചില്ലറ നാണയങ്ങളും നോട്ടുകളും എണ്ണി തിട്ടപ്പെടുത്തി, പാലിയേറ്റിവ് യൂനിറ്റിന്റെ സംഭാവന പെട്ടിയിലെയും ഡെയ്ലി കലക്ഷന്‍ ബോക്സിലെയും വാടക ബുക്കിലെയും പണവും എല്ലാംകൂടി 5000 രൂപയാണ് കവര്‍ന്നത്. 50 പൈസയുടെ നാണയം എടുക്കാതിരിക്കാനും കുളിക്കുമ്പോള്‍ പുതിയ സോപ്പ് ഉപയോഗിക്കാനും കള്ളന് ശ്രദ്ധിച്ചു. മെസിലുണ്ടായിരുന്ന മൂന്ന് പുതിയ സോപ്പുകളും ഉപയോഗിച്ചിട്ടുണ്ട്. കുളിച്ച തോര്‍ത്ത് മേശപ്പുറത്ത് വിരിച്ചിടാനും കൊണ്ടുവന്ന പിച്ചാക്കത്തിയും സ്പാനറും ലൈറ്ററും മെസ് ഹൗസില്‍ ഉപേക്ഷിക്കാനും മോഷ്ടാവ് മറന്നില്ല.
തൊട്ടടുത്ത് പബ്ലിക് ലൈബ്രറിയില്‍ രാത്രി രണ്ടു വരെ ലോകകപ്പ് ഫുട്ബോള്‍ കളി കാണുന്നവര്‍ ഉണ്ടായിരുന്നു.
നല്ല മഴയായിരുന്നതിനാല്‍ സ്ത്രീകള്‍ രാവിലെ മെസ് തുറക്കാനെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. വെള്ളമുണ്ട പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതേ സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ ആഴ്ച ഇരട്ടക്കൊലപാതകവും ഒരു വീട്ടില്‍ മോഷണ ശ്രമവും നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."