കുടുംബശ്രീ വഴിയും ജീവിതപങ്കാളിയെ കണ്ടെത്താം
കണ്ണൂര്‍: തൃശൂര്‍ മാതൃകയില്‍ സംസ്ഥാന വ്യാപക വിവാഹ ബ്യൂറോയുമായി കുടുംബശ്രീ. കഴിഞ്ഞ വര്‍ഷം തൃശൂര്‍ ജില്ലയില്‍ കുടുംബശ്രീ ആരംഭിച്ച വിവാഹ ബ്യൂറോ വിജയിച്ചതോടെയാണ് പദ്ധതി വിപുലപ്പെടുത്തുന്നതിന് കുടുംബശ്രീ മിഷന്‍ തയാറെടുക്കുന്നത്.
സംസ്ഥാന വ്യാപക വിവാഹ ബ്യൂറോയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. കാസര്‍കോട് ജില്ലയില്‍ രണ്ടു ബ്യൂറോകള്‍ അനുവദിക്കും.
മറ്റു ജില്ലകളില്‍ ഒരു ബ്യൂറോയാണ് ആദ്യഘട്ടമുണ്ടാവുക. പിന്നീട് പഞ്ചായത്തുകളുടെ എണ്ണം നോക്കി പ്രവര്‍ത്തനം വിപുലീകരിക്കും. 25 പഞ്ചായത്തുകള്‍ക്ക് ഒരു ബ്യൂറോ എന്നു രീതിയിലാണ് പദ്ധതി മുന്നോട്ട് പോവുക.
പുതിയ വെബ്‌സൈറ്റ് ആരംഭിക്കാതെ തൃശൂരില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന സൈറ്റ് മറ്റു ജില്ലയിലേക്കു കൂടി വ്യാപിപ്പിക്കുകയാണ് ചെയ്യുക. ഇതോടെ സംസ്ഥാന വ്യാപകമായി യുവതീ-യുവാക്കള്‍ക്ക് ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
ഇതിനുപുറമേ കുടുംബശ്രീ അയല്‍കൂട്ടം, സി.ഡി.എസ്, എ.ഡി.എസ് വഴിയും രജിസ്റ്റര്‍ നടത്താം. രജിസ്റ്റര്‍ ചെയ്യുന്ന വിവരങ്ങള്‍ കുടുംബശ്രീ നെറ്റ്‌വര്‍ക് ഉപയോഗിച്ച് അംഗങ്ങളാണ് അന്വേഷിക്കുക. ജോലി, വയസ്, സ്വഭാവം എന്നീ വിവരങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ വീടുകളിലെത്തി ശേഖരിക്കും.
വിശ്വാസയോഗ്യമായ വിവരങ്ങളാകും കുടുംബശ്രീക്കു ലഭിക്കുക. സ്വകാര്യ വിവാഹ ബ്യൂറോകള്‍ നടത്തുന്ന ചൂഷണം കുറക്കുന്നതിനും തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിക്കുന്നതിനും പദ്ധതി സഹായകമാകും.
എസ്.എസ്.എല്‍.സി വരെയുള്ള വിദ്യാഭ്യാസമുള്ളവര്‍ക്ക് 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് 750 രൂപയും അതിന് മുകളില്‍ യോഗ്യതയുള്ളവര്‍ക്ക് 1000 രൂപയും ഫീസുണ്ട്.
ജില്ലകള്‍ തോറും കോഡിനേറ്റര്‍മാരും ഓഫിസര്‍മാരും ഉണ്ടാകും. ഇതിനോടകം പദ്ധതി സംബന്ധിച്ച് ആയിരം കുടുംബശ്രീ അംഗങ്ങള്‍ക്കു പരിശീലനം നല്‍കിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."