സ്വപ്‌നയെ വിളിച്ചവരുടെ ലിസ്റ്റില്‍ ജനം ടി.വി ചീഫും, വിളിച്ചത് ജോലിയുടെ ഭാഗമായെന്ന് അനില്‍ നമ്പ്യാര്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത സ്വപ്‌ന സുരേഷിനെ വിളിച്ചവരുടെ ലിസ്റ്റില്‍ ജനം ടി.വി ചീഫ് അനില്‍ നമ്പ്യാരും. ജൂലൈ അഞ്ചാം തിയ്യതിയാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. ഇപ്പോള്‍ പുറത്തു വന്ന് സ്വപ്‌നയുടെ കാള്‍ ലിസ്റ്റിലാണ് അനില്‍ നമ്പ്യാരുടെ നമ്പറുള്ളത്. സ്വപ്‌ന ഒളിവിലായിരുന്ന സമയത്തായിരുന്നു സംസാരം. ജൂലൈ അഞ്ചാം തിയ്യതി നിരവധി തവണ ഇരുവരും സംസാരിച്ചതായി രേഖകള്‍ പറയുന്നു.
താന്‍ സ്വപ്നയെ വിളിച്ചത് കോണ്‍സുല്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയാണെന്ന ധാരണയിലാണെന്നാണ് ഇതിന് അനില്‍ നമ്പ്യാരുടെ വിശദീകരണം. യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വപ്ന സുരേഷ് സര്‍ക്കാര്‍ വകുപ്പിലേക്ക് മാറിയ കാര്യം തനിക്കറിയില്ലായിരുന്നെന്നുമാണ് അനില്‍ നമ്പ്യാര്‍ പറയുന്നത്.
അനില്‍ നമ്പ്യാരുടെ വിശദീകരണം
എനിക്ക് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന്
കാണിച്ച് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ
തത്പരകക്ഷികൾ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്.പലരും ഇക്കാര്യത്തിൻ്റെ നിജസ്ഥിതി എന്നോട് ഫോണിൽ വിളിച്ച് തിരക്കുന്നുണ്ട്.അതിനാൽ വിശദീകരണം നൽകേണ്ടത് എൻ്റെ ഉത്തരവാദിത്തമാണ്.
ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാൻ എൻ്റെ ഫോണിൽ നിന്നും സ്വപ്നയെ വിളിച്ചിരുന്നു.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണ്ണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്.
ദുബായിൽ നിന്നും ഇത്തരത്തിലൊരു ബാഗേജ് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു വിളിയുടെ ഉദ്ദേശ്യം.ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നും ഞാൻ ചോദിച്ചു.
കാരണം ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി എനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോൺസുൽ
ജനറലിൻ്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായ
സ്വപ്നയെ വിളിച്ചന്വേഷിച്ചത്.മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോൺസുലേറ്റിൻ്റെ വിശദീകരണം കൂടി ഞാൻ ആരാഞ്ഞു.
എൻ്റെ ചോദ്യങ്ങൾക്ക് വളരെ കൂളായാണ്
സ്വപ്ന മറുപടി നൽകിയത്.ബാഗേജിനെപ്പറ്റി അറിയില്ലയെന്നും കോൺസുൽ ജനറൽ
ദുബായിലാണെന്നും അവർ പറഞ്ഞു.കോൺസുലേറ്റ് സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്നതിനാൽ ആധികാരികമായ ഒരു വിശദീകരണത്തിൻ്റെ അനിവാര്യതയും ഞാൻ ചൂണ്ടിക്കാട്ടി.
കോൺസുൽ ജനറലിനെ ബന്ധപ്പെട്ട ശേഷം
തിരിച്ചു വിളിക്കാമെന്ന് അവർ എനിക്ക്
ഉറപ്പ് നൽകി.കൃത്യം ഒരു മണിക്കുറിന് ശേഷം അവരെന്നെ തിരിച്ചു വിളിക്കുകയും അത്തരമൊരു ബാഗേജ് അയച്ചിട്ടില്ലെന്നും
വ്യക്തമാക്കി.ഉടൻ തന്നെ ഞാൻ വാർത്ത ഡെസ്കിൽ വിളിച്ച് കൊടുക്കുകയും അത്
സംപ്രേഷണം ചെയ്യുകയുമായിരുന്നു.
ജനം ടിവിയുടെ വാർത്താ ബുള്ളറ്റിൻ പരിശോധിച്ചാൽ ഇത് മനസ്സിലാകും.
യുഎഇ കോൺസുൽ ജനറലിൻ്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും
സ്വപ്ന സുരേഷ് സർക്കാർ വകുപ്പിലേക്ക് മാറിയ കാര്യം എനിക്കറിയില്ലായിരുന്നു.
മാത്രമല്ല സ്വപ്നയാണ് കള്ളക്കടത്തിന് പിന്നിലെന്ന സൂചന പോലും ഇല്ലാത്തപ്പോഴാണ് ഞാൻ
അവരെ വിളിച്ചത്.
ഒരു മാധ്യമപ്രവർത്തകൻ
എന്ന നിലയിൽ വാർത്താശേഖരണത്തിന്
എനിക്കാരെയും വിളിക്കാം.ഇനിയും വിളിക്കും.
വിളിപ്പട്ടികയിലെ രണ്ട് കോളെടുത്ത് വെച്ച്
എനിക്ക് കള്ളക്കടത്തുകാരിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.
ഇതെൻ്റെ ജോലിയാണ്. ഞാൻ ഇതുമായി
മുന്നോട്ട് പോകും. തളർത്താമെന്ന് കരുതേണ്ട.
ഒരു കാര്യം കൂടി പറയട്ടെ.
വാർത്ത കൊടുത്ത T 21 എന്ന ഓൺലൈൻ സ്ഥാപനം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതൻ്റെ മകൻ നടത്തുന്നതാണ്.
അതുകൊണ്ട് തന്നെ വാർത്തയുടെ
പിന്നിലെ രാഷ്ട്രീയം വ്യക്തമാണല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."