ഭക്ഷ്യപദാര്‍ഥങ്ങളിലെ മായം: സംസ്ഥാനത്ത്് പരിശോധനക്ക് മൂന്നു കേന്ദ്രങ്ങള്‍ മാത്രം
മലപ്പുറം: വിഷ മത്സ്യ ഭീതി കേരളത്തില്‍ വ്യാപകമാവുമ്പോഴും സംസ്ഥാനത്ത് ഭക്ഷ്യപദാര്‍ഥങ്ങളിലെ മായം പരിശോധിക്കാനുള്ള സംവിധാനമുള്ളത് മൂന്നിടങ്ങളില്‍ മാത്രം. തിരുവനന്തപുരം ഗവ. അനലിസ്റ്റിക് ലാബ്, എറണാകുളത്തും കോഴിക്കോടുമുള്ള റിജീയണല്‍ അനലിറ്റിക്കല്‍ ലാബ് എന്നി മൂന്നു ലാബുകളാണ് സംസ്ഥാനത്ത് വിഷപദാര്‍ഥ പരിശോധനക്കു ആകെയുള്ളത്.
കൂടാതെ ശബരിമല വഴിപാട് സാധനങ്ങള്‍ പരിശോധിക്കുന്നതിനായി പത്തനംതിട്ടയിലെ ജില്ലാ ഭക്ഷ്യ സുരക്ഷാ ലാബും പ്രവര്‍ത്തിച്ചുവരുന്നു. അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ മത്സ്യം, മാംസം, പഴം, പച്ചക്കറികള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് ലാബുകളുമായി ചേര്‍ന്നു സംസ്ഥാനത്ത് രണ്ടു മൊബൈല്‍ ഭക്ഷ്യപരിശോധനാ യൂനിറ്റുകളാണ് നിലവിലുള്ളത്.
എന്നാല്‍ ഉല്‍പന്നങ്ങളില്‍ കീടനാശിനിയുടെ അംശം കണ്ടെത്തുന്നതിനു ലാബില്‍ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. സംസ്ഥാനത്ത് 12 ചെക്കുപോസ്റ്റുകളിലും ഓരോ മൊബൈല്‍ യൂനിറ്റ് വേണമെന്നിരിക്കെയാണ് പരിമിതമായ രണ്ട് യൂനിറ്റ് തന്നെ ഉപയോഗ ശൂന്യമാവുന്നത്. ലബോട്ടറികളില്‍ നിലവിലെ സംവിധാനമനുസരിച്ച് പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ രണ്ടാഴ്ചയെങ്കിലും സമയം വേണ്ടിവരും.
ഫോര്‍മാലിനും അമോണിയവും ചേര്‍ത്ത മത്സ്യങ്ങള്‍ വില്‍പനക്കെത്തുന്ന ഭീതി നിറയുമ്പോഴും പരിശോധനാ സംവിധാനങ്ങളില്ലെന്നതാണ് അവസ്ഥ. 1957 ല്‍ തുടങ്ങിയതാണ് തിരുവനന്തപുരത്തെ വഞ്ചിയൂരിലുള്ള ലബോട്ടറി. എറണാംകുളത്ത് കാക്കനാട്ടും കോഴിക്കോട് മാലാപറമ്പിലും 1975 മുതലാണ് ലാബുകള്‍ തുടങ്ങിയത്. ഈ മൂന്നു ലാബുകളിലാണ് ഇപ്പോഴും പരിശോധന തുടരുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും മാരക വിഷം ചേര്‍ത്ത മത്സ്യ വാഹനങ്ങള്‍ സംസ്ഥാനത്തേക്കു കടന്നുവരുന്നതു തടയുകയും മായമുണ്ടോയെന്നു ഉറപ്പുവരുത്തുകയും ചെയ്യണമെങ്കില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."