സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂളിനു നൂറു ശതമാനം വിജയം
മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ (ഐഎസ്ബി) വിദ്യാര്‍ത്ഥികള്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ മാതൃകാപരമായ പ്രകടനം കാഴ്ചവച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ബുധനാഴ്ച ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കൂള്‍ 100% ശതമാനം വിജയം നേടി. പരീക്ഷക്കിരുന്ന 776 വിദ്യാര്‍ത്ഥികളില്‍ കൃത്യം നൂറു വിദ്യാര്‍ഥികള്‍ 'എ' ഗ്രേഡ് നേടി. 172 കുട്ടികള്‍ 90 ശതമാനത്തിലധികം മാര്‍ക്ക് കരസ്ഥമാക്കി.
98.6 ശതമാനം സ്‌കോര്‍ നേടിയ നന്ദന ശുഭ വിനുകുമാര്‍ 500 ല്‍ 493 മാര്‍ക്കോടെ സ്‌കൂള്‍ ടോപ്പറായി. ഇന്ത്യന്‍ സ്‌കൂളിന്റെ ചരിത്രത്തില്‍ ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥി നേടുന്ന ഏറ്റവും ഉയര്‍ന്ന മാര്‍ക്കാണിത്. 489 മാര്‍ക്ക് നേടിയ നയനാ ചന്ദ്രന്‍ പുറവങ്കര 97.8 ശതമാനവുമായി രണ്ടാം സ്ഥാനത്തും 488 മാര്‍ക്കു നേടിയ ഗൌതം അനൈമല്ലൂര്‍ ജനാര്‍ദ്ദനന്‍ 97.6 ശതമാനവുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, മെമ്പര്‍ അക്കാദമിക്‌സ് മുഹമ്മദ് ഖുര്‍ഷീദ് ആലം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വമി എന്നിവര്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും പിന്തുണയേകിയ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.
കോവിഡ് മഹാമാരിയുടെ ഈ പ്രയാസകരമായ സമയത്ത് അക്കാദമിക് ടീമിന്റെ സംയുക്ത പരിശ്രമത്തിന്റെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും പൂര്‍ണ്ണ സഹകരണത്തിന്റെയും ഫലമായി ഇന്ത്യന്‍ സ്‌കൂളിനു മികച്ച വിജയം കൈവരിക്കാനായെന്നു പ്രിന്‍സ് നടരാജന്‍ പറഞ്ഞു.
വെല്ലുവിളികളെ അതിജീവിച്ചു ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മിടുക്ക് തെളിയിച്ചിരിക്കുകയാണെന്ന് സജി ആന്റണി പറഞ്ഞു.
അക്കാദമിക ചുമതലയുള്ള അംഗം മുഹമ്മദ് ഖുര്‍ഷീദ് ആലം വിദ്യാര്‍ത്ഥികളുടെ ഭാവി പരിശ്രമങ്ങളില്‍ വിജയവും സന്തോഷവും നേര്‍ന്നു.
ഇന്ത്യന്‍ സ്‌കൂള്‍ മികവിന്റെ കേന്ദ്രമായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അതിനു അക്കാദമിക നേതൃത്വത്തിന്റെ കൃത്യമായ ആസൂത്രണം, അധ്യാപകരുടെ പ്രതിബദ്ധത, രക്ഷിതാക്കളുടെ പിന്തുണ എന്നിവ മികച്ച വിജയം നേടാന്‍ സഹായകരമായെന്നു പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി പറഞ്ഞു.
ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ് പരീക്ഷ ഫലത്തിന്റെ പ്രത്യേകതകള്‍ ഇവയാണ് :
സ്‌കൂളിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍: 500 ല്‍ 493 (98.6%)
നാല് വിദ്യാര്‍ത്ഥികള്‍ ഗണിതശാസ്ത്രത്തില്‍ 100 ഉം 19 പേര്‍ 99 ഉം നേടി.
നാല് വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ സയന്‍സില്‍ 100 ഉം 4 പേര്‍ 99 ഉം നേടി.
രണ്ടു വിദ്യാര്‍ത്ഥികള്‍ ഫ്രഞ്ച് ഭാഷയില്‍ 100 ഉം 6 പേര്‍ 99 ഉം നേടി.
ഒരു വിദ്യാര്‍ത്ഥി സയന്‍സില്‍ 100 നേടി
പത്തു വിദ്യാര്‍ത്ഥികള്‍ മലയാളത്തില്‍ 99 നേടി
രണ്ടു വിദ്യാര്‍ത്ഥികള്‍ സംസ്‌കൃതത്തില്‍ 99 നേടി
ഒരു വിദ്യാര്‍ത്ഥി ഇംഗ്ലീഷില്‍ 99 നേടി
84.1% വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് ക്ലാസ് ലഭിച്ചു
58.9% പേര്‍ക്ക് ഡിസ്റ്റിങ്ങ്ഷന്‍ ലഭിച്ചു
172 വിദ്യാര്‍ത്ഥികള്‍ക്ക് 90% ഉം അതിനു മുകളിലും മാര്‍ക്ക് ലഭിച്ചു
നൂറു വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് ലഭിച്ചു
28 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ വണ്‍ ഗ്രേഡ് ലഭിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."