ഹജ്ജ് 2020: തീർത്ഥാടകരെ സ്വീകരിക്കാൻ ‘അബ്റാജ് മിന’ ഒരുങ്ങുന്നു
മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ ടെന്റുകളുടെ നഗരമായ മിനായിൽ ഹാജിമാർക്ക് താമസിക്കാൻ ‘അബ്റാജ് മിന’ ഒരുങ്ങുന്നു. മിനാ മലമുകളിലെ ബഹുനില ടവറുകളാണ് പരിമിതമായ തീർത്ഥാടകരുമായി നടക്കുന്ന ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി ഉപയോഗിക്കുക. ജംറ പാലത്തിനു സമീപമുള്ള മലമുകളിൽ നേരത്തെ നിർമിച്ചിരിക്കുന്ന പന്ത്രണ്ടു നിലകൾ വീതമുള്ള ആറു റെസിഡൻഷ്യൽ ടവറുകളിലായി നിരവധി പേർക്ക് താമസിക്കാനാകും. ഇത്തവണ മിനായിൽ തമ്പുകളിൽ തീർഥാടകർക്ക് താമസ സൗകര്യം നൽകില്ല. പകരം ബഹുനില കെട്ടിടങ്ങളിലാകും താമസ സൗകര്യം ഒരുക്കുക.
ഇതിനുള്ള തകൃതിയായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മിന മലഞ്ചെരുവിൽ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഈ കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചത്. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെയും പബ്ലിക് പെൻഷൻ ഏജൻസിയുടെയും ഉടമസ്ഥതയിലുള്ള മിനാ റിയൽ എസ്റ്റേറ്റ് കമ്പനിക്കു കീഴിലാണ് മിനായിലെ ബഹുനില കെട്ടിട സമുച്ചയം. സ്ഥലപരിമിതി പ്രധാന പ്രതിബന്ധമായ മിനായിൽ കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളാൻ സാധിക്കുന്നതിന് ഇത്തരത്തിൽ പെട്ട കൂടുതൽ കെട്ടിടങ്ങൾ നിർമിക്കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾ നേരത്തെ തന്നെ ആലോചന തുടങ്ങിയിരുന്നു.
കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചാണ് ഇത്തവണ തീർഥാടകർക്ക് താമസ സൗകര്യമൊരുക്കുന്നത്. മിനയിലും അറഫയിലും മുസ്ദലിഫയിലും ഓരോ തീർഥാടകനുമിടയിൽ ഒമ്പത് മീറ്റർ അകലം പാലിച്ചായിരിക്കും താമസ സൗകര്യമൊരുക്കുക. ഇതോടൊപ്പം, അണുവിമുക്തമാക്കി പ്രത്യേകം പാക്ക് ചെയ്ത കല്ലുകൾ കല്ലേറ് കർമം നിർവഹിക്കാൻ തീർഥാടകർക്കിടയിൽ വിതരണം ചെയ്യും. മുൻകൂട്ടി തയാറാക്കി, നന്നായി പാക്ക് ചെയ്ത ഭക്ഷണങ്ങൾ മാത്രമാണ് വിതരണം ചെയ്യുക. ഇതോടൊപ്പം ഒരു തവണ മാത്രം ഉപയോഗിക്കാനുള്ള പാത്രങ്ങളും കപ്പുകളും സഹിതം ഏതാനും വസ്‌തുക്കളും ഹാജിമാർക്ക് വിതരണം ചെയ്യും.
തീർഥാടകാരുടെ യാത്ര ക്രമീകരിക്കാൻ തീർത്ഥാടകർക്ക് പ്രത്യേക സ്‍മാർട്ട് കാർഡുകൾ നൽകും. അതേസമയം, പതിവിൽനിന്ന് ഭിന്നമായി ഇത്തവണ ആഭ്യന്തര ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിൽ ആഭ്യന്തര ഹജ് സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഒരുവിധ പങ്കുമുണ്ടാകില്ല. ഹജ്, ഉംറ മന്ത്രാലയം നേരിട്ടാണ് ഹജ് തീർഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."