'ചാലക്കുടി എം.പിയുടെ അവകാശവാദം പച്ചക്കള്ളം'
അങ്കമാലി: ചാലക്കുടി മണ്ഡലത്തില്‍ 1750 കോടി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന നിലവിലെ എം.പിയുടെ അവകാശവാദം പച്ചക്കള്ളവും ജനവഞ്ചനയുമെന്ന് എം.എല്‍.എമാരായ റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, വി.പി സജീന്ദ്രന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ചാലക്കുടി എം.പി പുറത്തിറക്കിയ വികസനരേഖയില്‍ അവകാശവാദം ഉന്നയിക്കുന്ന ഒട്ടുമിക്ക പദ്ധതികളും കിഫ്ബി വഴി നടപ്പിലാക്കാന്‍ വിഭാവനം ചെയ്തിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളാണ്. ഇന്നസെന്റിന്റെ മിക്ക അവകാശവാദങ്ങളും വിചിത്രവും, ബാലിശവുമാണ്. അദ്ദേഹം സ്വന്തം നേട്ടമെന്ന് അവകാശപ്പെടുന്ന അങ്കമാലി ബൈപ്പാസ്, പെരുമ്പാവൂര്‍ ബൈപ്പാസ്, സീപ്പോര്‍ട്ട്എയര്‍പ്പോര്‍ട്ട് റോഡ്, അതിരപ്പിള്ളി കുടിവെള്ള പദ്ധതി എന്നിവയെല്ലാം കിഫ്ബി പദ്ധതികളാണ്. കിഫ്ബി വഴി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ഈ പദ്ധതികള്‍ക്ക് എങ്ങനെ എം.പിക്ക് അവകാശവാദം ഉന്നയിക്കാന്‍ കഴിയും പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്തുകള്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ അവകാശവാദം ഏതെങ്കിലും എം.എല്‍.എ ഉന്നയിക്കാറില്ല. അങ്കമാലി ബൈപ്പാസിന് അനുവദിക്കപ്പെട്ട തുക എത്രയെന്ന് പോലും മനസിലാക്കാതെയാണ് എം.പി അവകാശം ഉന്നയിച്ചത്. പെരുമ്പാവൂര്‍ ബൈപ്പാസിനായി കിഫ്ബി അനുവദിച്ചിരിക്കുന്നത് 133 കോടി രൂപയാണ്. എന്നാല്‍ എം.പിയുടെ കണക്കില്‍ ഇത് 111 കോടി മാത്രമാണ്.
കാലടിപ്പാലം 'ഇതാ തൊട്ടരികെ' എന്ന എം.പിയുടെ അവകാശവാദം എന്തറിഞ്ഞിട്ടാണെന്നും എം.എല്‍.എമാര്‍ ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ ഭരണാനുമതി പോലും നല്‍കാത്ത ഒരു പദ്ധതി തൊട്ടരികെ എന്ന് അവകാശപ്പെടണമെങ്കില്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം. ഭാവിയില്‍ വരാന്‍ പോകുന്ന സര്‍ക്കാരുകള്‍ പദ്ധതിക്കായി അനുവദിക്കാന്‍ സാധ്യതയുള്ള തുകയുടെ കൂടി പിതൃത്വം ഇപ്പോള്‍ തന്നെ ഇന്നസെന്റ് ഏറ്റെടുക്കാന്‍ ശ്രമിക്കയാണ്. ഭാവിയില്‍ വരാന്‍ പോകുന്ന പദ്ധതിയുടെ അവകാശവാദം പോലും ഉന്നയിക്കുന്ന കേരളത്തിലെ ആദ്യത്തെ ജനപ്രതിനിധിയായിരിക്കും ഇന്നസെന്റ് എന്നും എം.എല്‍.എമാര്‍ വ്യക്തമാക്കി.
ഇ.എസ്.ഐ കൊരട്ടി ഡിസ്‌പെന്‍സറി അഞ്ച് വര്‍ഷം മുമ്പ് കല്ലിട്ടെങ്കിലും ഒരിഞ്ച് പോലും നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല.
ഇത്തരം പെരും നുണകളാണ് വികസനരേഖ എന്ന പേരില്‍ ഇന്നസെന്റ് പുറത്തിറക്കിയിട്ടുള്ളത്. ഇത് ചാലക്കുടിയിലെ ജനങ്ങളെ അവഹേളിക്കുന്നതും ഒരു ജനപ്രതിനിധി എത്രത്തോളം തരം താഴാം എന്നതിന്റെ ഉദാഹരണവുമാണെന്നും എം.എല്‍.എമാര്‍ ആരോപിച്ചു.മാത്രവുമല്ല ഈ 1750 കോടിയുടെ അവകാശവാദത്തില്‍ 100 കോടിയുടെയെങ്കിലും പ്രവര്‍ത്തികള്‍ ചെയ്തത് ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ എവിടെയെങ്കിലും ചൂണ്ടിക്കാണിക്കാനോ, അതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു തെരഞ്ഞെടുപ്പ് ലഘുലേഖ പുറത്തിറക്കാനോ സ്ഥാനാര്‍ഥി കൂടിയായ ഇന്നസെന്റ് തയ്യാറാകുമോ എന്നും എം.എല്‍.എമാര്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."