റെക്കോര്‍ഡ് ഭേദിച്ച് ഇടവപ്പാതി
കോഴിക്കോട്: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ റെക്കോര്‍ഡ് ഭേദിച്ച് ഇത്തവണത്തെ ഇടവപ്പാതി. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് അഞ്ചു ശതമാനം അധികമഴ രേഖപ്പെടുത്തി.
ഈ കാലയളവില്‍ 942.7 എം.എം മഴ ലഭിക്കേണ്ടതിനു പകരം 986.1 എം.എം മഴയാണ് ലഭിച്ചത്. ഇതിനു മുന്‍പ് 2013 ലാണ് ഇടവപ്പാതിയില്‍ ഇത്രയും മഴലഭിച്ചത്. 926 എം.എം മഴയായിരുന്നു അന്ന് ലഭിച്ചത്.
നാലു ദിവസത്തിനകം കര്‍ക്കിടക മാസം തുടങ്ങാനിരിക്കയാണ്. സാധാരണ ഇടവപ്പാതിയിലും കര്ക്കിടകത്തിലുമായി ശരാശരി മഴയുടെ പകുതിയിലേറെ ലഭിക്കാറുണ്ട്. ഇത്തവണയും പ്രതീക്ഷിച്ച മഴ ലഭിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റ് ശരിയായ ദിശയിലായതാണ് കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായ കനത്ത മഴക്കു കാരണമായത്. കര്‍ണാടക മുതല്‍ കേരള തീരം വരെ അറബിക്കടലില്‍ തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദ പാത്തി സജീവമാണ്. രണ്ടു ദിവസമായിട്ടും ഇതു ദുര്‍ബലപ്പെട്ടിട്ടില്ല. ഇതുകാരണം ശനിയാഴ്ചവരെ മഴ തുടരുമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൂടാതെ തെക്കന്‍ ഒഡിഷക്കു സമീപം പുതുതായി ചക്രവാതച്ചുഴിയും രൂപപ്പെട്ടു. ഇതു വെള്ളിയാഴ്ചക്കകം ന്യൂനമര്‍ദമായി ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. ഇങ്ങനെ സംഭവിച്ചാല്‍ ശനിയാഴ്ച മുതല്‍ മഴ വീണ്ടും സജീവമാകും.
തെക്കന്‍ ഗുജറാത്ത്, കൊങ്കണ്‍, ഗോവ, മുംബൈ മേഖലകളിലും കാലവര്‍ഷം ശക്തമാണ്. തിരുവനന്തപുരം മുതല്‍ വടക്കോട്ട് ജയ്പൂര്‍ വരെയും അവിടെ നിന്ന് തെക്കു-കിഴക്ക് ദിശയില്‍ ഭോപ്പാല്‍, റായ്പൂര്‍, ഹൈദരാബാദ് വരെയും ഇന്നും നാളെയും കനത്തമഴ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."