വേനലവധിയില്‍ കുട്ടികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലനവുമായി ഷാജി സെയ്തുമുഹമ്മദ്
മൂവാറ്റുപുഴ: മുങ്ങിമരണങ്ങള്‍ വ്യാപകമാകുന്ന മധ്യവേനല്‍ അവധിക്കാലത്ത് കുട്ടികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലനത്തിന് വേദി ഒരുക്കി ഷാജി സൈയ്തുമുഹമ്മദ്.നാട്ടിന്‍ പുറങ്ങളിലടക്കം കുളങ്ങളും, ചിറകളും,മനുഷ്യന്റെ അത്യാര്‍ത്തി മൂലം അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഈ കാലത്ത് നീന്തല്‍ പരിശീലനം സാധാരണക്കാരായ കുട്ടികള്‍ക്ക് അപ്രാപ്യമാണ് .
പല സ്ഥലങ്ങളിലും പരിശീലന പരിപാടികള്‍ നടക്കുന്നുണ്ടങ്കിലും ഫീസിനത്തില്‍ വന്‍ തുക കൊടുക്കേണ്ടി വരുന്നതുമൂലം സാധാരണക്കാര്‍ക്കിതിന് കഴിയാറില്ല. അയ്യായിരം മുതല്‍ പതിനായിരം രൂപ വരെയാണ് പലരും നീന്തല്‍ പരിശീലിപ്പിക്കുന്നതിനായി വാങ്ങുന്നത്. എന്നാല്‍ ഷാജി സെയ്തു മുഹമ്മദിനു ഇതൊന്നും വേണ്ട. നീന്തല്‍ പരിശീലിച്ച് മുങ്ങിമരണത്തില്‍ നിന്ന് രക്ഷപെട്ടാല്‍ മതി എന്ന പ്രാര്‍ത്ഥനയാണ് ഇദ്ദേഹത്തിനുള്ളത്.
വര്‍ഷങ്ങളായി ഇയാള്‍ കുട്ടികളെ നീന്തല്‍ പഠിപ്പിക്കല്‍ തുടങ്ങിയിട്ട്. ഇത് വരെ രണ്ടായിരത്തോളം പേരെ പരിശീലിപ്പിച്ചു കഴിഞ്ഞു.ഇക്കുറി വിശാലമായ തൃക്കളത്തൂര്‍ ചിറയിലാണ് പരിശീലനം നല്‍കുന്നത്. വൈകിട്ട് 3.30 മുതല്‍ 6.30 വരെയാണ് പരിശീലന സമയം. പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ ഇദ്ദേഹത്തിന്റെ ഭാര്യയും സജീവമായി രംഗത്തുണ്ട്. ഒരേ സമയം 50 പേരെയാണ് പരിശീലിപ്പിക്കുന്നത്. രണ്ടു ദിവസം കൊണ്ട് നീന്തല്‍ പഠിച്ച് കുട്ടികള്‍ സ്വയം നീന്താന്‍ തുടങ്ങും.
സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ഷാജി സൈയ്തുമുഹമ്മദ് സ്വയം രൂപകല്‍പന ചെയ്ത് കണ്ടു പിടിച്ച ജലസുരക്ഷാ ബാഗിന്റെ സഹായത്തോടെയാണ് നീന്തല്‍ പരിശീലിപ്പിക്കുന്നത്. 700 ഗ്രാം മാത്രം തൂക്കം വരുന്ന നൈലോണില്‍ നിര്‍മിച്ച ഈ ഉപകരണം ധരിച്ചാല്‍ വെള്ളത്തിലിറങ്ങുന്നവര്‍ താഴ്ന്നു പോകില്ല. സ്‌കൂള്‍ ബാഗ് മാതൃകയിലുള്ള ഉപകരണം ശരീരത്തിന്റെ പുറത്താണ് ധരിക്കേണ്ടത്.നാല് ലാഡര്‍ ബക്കിള്‍ കൊണ്ട് ശരീരവുമായി ബന്ധിപ്പിക്കുന്ന ഉപകരണം ശരീരത്തെ വെള്ളത്തിനു മുന്നില്‍ ഉയര്‍ത്തി നിറുത്തും. അഞ്ചു വയസു പ്രായമുള്ള കുട്ടികള്‍ മുതല്‍ 150 കിലൊ ഭാരമുള്ളവര്‍ വരെ ഇത് ധരിച്ചാല്‍ വെള്ളത്തില്‍ സുരക്ഷിതരാണ്.
ഒരേക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തൃക്കളത്തൂര്‍ ചിറ ഉച്ചകഴിയുന്നതോടെ സജീവമാകുകയാണ്. ചിറയില്‍ നീന്തി തിമര്‍ക്കുന്ന കുരുന്നുകളെ കാണാനും നീന്തല്‍ പരിശീലനത്തിനും നിരവധി പേരാണ് ഇവിടെ എത്തുന്നത്. ചിറ സജീവമാകുമ്പോള്‍ ഷാജിയുടെ മനസും നിറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."