കാഞ്ഞിരമറ്റത്ത് പുലിയിറങ്ങിയതായി അഭ്യൂഹം
കൊച്ചി: കാഞ്ഞിരമറ്റത്ത് പുലിയിറങ്ങിയതായി അഭ്യൂഹം. വലിയ കുറ്റിക്കാടും റബര്‍ തോട്ടങ്ങളുമുള്ള ആരക്കുന്നം എടയ്ക്കാട്ടുവയല്‍ പാര്‍പ്പാംകോട്ടില്‍ വരണനാട്ടുമഠം ക്ഷേത്രത്തിന് സമീപം പുലിയെ കണ്ടതായി റബര്‍ ടാപ്പിംഗ് തൊഴിലാളിയാണ് ആദ്യം പറഞ്ഞത്. അവിചാരിതമായി കണ്ട വെരുകിന് പുറകെ പോയപ്പോഴാണ് പുലിയെ കണ്ടത്. സമീപത്തുള്ള മറ്റൊരു സ്ത്രീയും പുലിയെ പോലെ തോന്നിക്കുന്ന ജീവിയെ കണ്ടതായി വിവരം നല്‍കി. ഇതോടെ നാട്ടുകാര്‍ ഭീതിയിലായി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് റബര്‍ എസ്‌റ്റേറ്റുകളും കുറ്റിക്കാടുകളും അരിച്ചുപെറുക്കിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. നാട്ടുകാര്‍ കണ്ടത് കാട്ടുപൂച്ചയെ ആയിരിക്കുമെന്നാണ് വനം വകുപ്പ് ഉദ്യേഗസ്ഥരുടെ അഭിപ്രയം. അതേസമയം സമീപത്തുള്ള കുളക്കരയില്‍ പുലിയുടേതെന്ന് തോന്നിക്കുന്ന കാല്‍പാടുകള്‍ കൂടി കണ്ടതോടെ നാട്ടുകാരുടെ പരിഭ്രാന്തി വര്‍ധിച്ചു. നാട്ടുകാരുടെ ആശങ്ക കണക്കിലെടുത്ത് വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന തുടരാനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."