കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; നഗരസഭാ ഓഫിസില്‍ വീട്ടുടമ കുത്തിയിരിപ്പ് സമരം നടത്തി
മട്ടാഞ്ചേരി: വീടിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനേ തുടര്‍ന്ന് വീട്ടുടമയും ഭാര്യയും നഗരസഭാ ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. നസ്രത്ത് രാമേശ്വരം കോളനിക്ക് സമീപം താമസിക്കുന്ന ജോഷിയും ഭാര്യ എന്റീറ്റയുമാണ് കഴിഞ്ഞ പത്ത് ദിവസമായി വീടിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിനായി നഗരസഭ ഫോര്‍ട്ടുകൊച്ചി സോണല്‍ ഓഫിസ് കയറിയിറങ്ങുന്നത്. ആദ്യം അടുത്ത ദിവസം തരാമെന്ന മറുപടിയാണ് ലഭിച്ചിരുന്നതെങ്കില്‍ പിന്നീട് അപേക്ഷയടങ്ങുന്ന ഫയല്‍ കാണുന്നില്ല എന്നായി മറുപടിയെന്ന് എന്റീറ്റ പറഞ്ഞു.
ഫയല്‍ നീക്കുന്ന ജീവനക്കാരന്‍ ആവശ്യപ്പെട്ട കൈക്കുലി നല്‍കാത്തതിനാലാണ് ഫയല്‍ മുക്കിയതെന്നാണ് ഇവരുടെ ആരോപണം. ഫയല്‍ കാണാനില്ലെന്നകാര്യം സൂപ്രണ്ട് അടക്കമുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫയല്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു മറുപടി .
ഇതോടെയാണ് ജോഷിയും എന്റീറ്റയും ഫയല്‍ കണ്ടെടുത്തു സര്‍ട്ടിഫിക്കറ്റ് തന്നില്ലെങ്കില്‍ നഗരസഭ ഓഫിസില്‍ നിന്നും ഇറങ്ങി പോകില്ലെന്ന നിലപാടെടുത്ത് ഓഫിസിനുള്ളില്‍ കുത്തിയിരുന്നത്. ഇതോടെ വൈകീട്ട് ഓഫിസ് സമയം കഴിഞ്ഞ് പൂട്ടി പോകാനാകാത്ത സ്ഥിതിയിലായി നഗരസഭ ജീവനക്കാര്‍. തുടര്‍ന്ന് ജീവനക്കാര്‍ ഫോര്‍ട്ടുകൊച്ചി പൊലിസില്‍ വിവരം അറിയിക്കുകയും പൊലിസെത്തി ഇവരുമായി ചര്‍ച്ച നടത്തി നഗരസഭ സെക്രട്ടറിക്ക് പരാതി എഴുതിച്ചു നല്‍കി ഇരുവരേയും സമാധാനപെടുത്തി പറഞ്ഞു വിടുകയായിരുന്നു.
നഗരസഭ പള്ളുരുത്തി സോണല്‍ ഓഫിസിലും ബില്‍ഡിങ് പ്ലാന്‍ പാസാക്കുന്നതിന് ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായുള്ള ആരോപണമുണ്ട്. വന്‍കിട കെട്ടിടങ്ങള്‍ക്ക് കണ്ണടച്ച് അനുമതി നല്‍കുമ്പോള്‍, ചെറിയ വീടുകള്‍ പണിയുന്നവരെ ഇടനിലക്കാര്‍ക്കു വേണ്ടി വിവിധ കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിക്കുന്നതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."