പകര്‍ച്ചവ്യാധി തടയല്‍ നിയമം ദുരുപയോഗം ചെയ്യരുത്
കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പാലിക്കല്‍ നിര്‍ബന്ധമാണെന്ന് ഹൈക്കോടതി ഉത്തരവ് നല്‍കിയിരിക്കുകയാണ്. കൊവിഡിനെതിരേയുള്ള സുരക്ഷാ നടപടികളുടെ ഭാഗമെന്നോണം, സര്‍ക്കാര്‍ പുറപ്പെടുവിച്ച പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സിന് വിരുദ്ധമായി രാഷ്ട്രീയ പാര്‍ട്ടികള്‍ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തുകയാണെന്നും മാസ്‌ക്ക് ധരിക്കാതെയും കൂട്ടംകൂടിയുള്ള സമരമുറകളും സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനത്തിന് കാരണമാകുമെന്നും അതിനാല്‍ ഇത്തരം സമരങ്ങള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ചില വ്യക്തികള്‍ ഹരജി സമര്‍പ്പിച്ചിരുന്നു. സമരങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കുന്നതിന് പകരം ദുരന്ത കൈകാര്യനിയമവും പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സും ലംഘിച്ച് സമരം നടത്തിയവര്‍ക്കെതിരേ എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുത്തതെന്ന് കോടതി ചോദിക്കുകയായിരുന്നു. കേസ് ഇന്നലെയും കോടതി പരിഗണിക്കുകയുണ്ടായി. ആളുകള്‍ അകലം പാലിക്കാതെയും കൂട്ടംകൂടിയും സമരം ചെയ്യുന്നതിനെതിരേ മുഖ്യമന്ത്രി പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു. മരണത്തെ വിളിച്ചുവരുത്തുന്ന ഇത്തരം സമര പരിപാടികള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിന്റെയും ദുരന്ത കൈകാര്യനിയമത്തിന്റെയും അടിസ്ഥാനത്തില്‍ സമരങ്ങള്‍ക്ക് വിലക്ക് കൊണ്ടുവരുന്നത് സര്‍ക്കാരിനെതിരേ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളെ ചെറുക്കാനാണെന്ന് കരുതേണ്ടി വന്നാല്‍ തെറ്റുപറയാനാകില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് രണ്ടു തരത്തില്‍ അനുഗ്രഹമാണ്. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടം കൂടിയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ സമരത്തെ തടയാന്‍ സര്‍ക്കാരിന് കഴിയും. അതുവഴി കൊവിഡ് സമൂഹവ്യാപനത്തെ തടയാന്‍ ഒരു പരിധിവരെ കഴിയും. മറ്റൊന്ന് സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം അലയടിച്ചുകൊണ്ടിരിക്കുന്ന പ്രതിപക്ഷ സമരങ്ങളെ അവസാനിപ്പിക്കാനും കഴിയും.
പകര്‍ച്ചവ്യാധി തടയല്‍ നിയമം ജനാധിപത്യ മാര്‍ഗേന നടത്തുന്ന സമരങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും എങ്ങനെ ഉപയോഗിക്കാമെന്ന് ഇതുവഴി ഭരണകൂടങ്ങള്‍ സമൂഹത്തിനു നല്‍കുന്ന പാഠങ്ങളാണ്. എന്നാല്‍ എല്ലാ വിലക്കുകളേയും ലംഘിച്ചുകൊണ്ട് അമേരിക്കയില്‍ ഈയിടെ നടന്ന ബഹുജന സമരം മനുഷ്യന് ആരോഗ്യത്തേക്കാള്‍ വലുത് സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രതിപക്ഷം കൊവിഡ് വിലക്കുകള്‍ വകവയ്ക്കാതെ സമരവുമായി മുന്നോട്ടു തന്നെ പോകുമോ എന്നാണറിയേണ്ടത്.
നാലു വര്‍ഷം മുന്‍പ് അധികാരമേറ്റെടുക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് സെക്രട്ടേറിയറ്റിന്റെ ഇടനാഴികളില്‍ പ്രത്യക്ഷപ്പെടാറുള്ള അവതാരങ്ങള്‍ തന്റെ ഭരണ കാലയളവില്‍ ഉണ്ടാവില്ലെന്നായിരുന്നു. എന്നാല്‍ ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ അവതാരങ്ങളാല്‍ നിറഞ്ഞ അവസ്ഥയാണ്. ഇതിനു കാര്‍മികത്വം വഹിച്ചതാകട്ടെ മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും വിശ്വസിച്ചേല്‍പിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും. ഇത്തരമൊരവസ്ഥയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളെ പരാജയപ്പെടുത്താന്‍ തന്നെയായിരിക്കും കൊവിഡ് നിയമത്തിന്റെ പേരില്‍ സര്‍ക്കാര്‍ തീരുമാനിക്കുക എന്നു കരുതേണ്ടിയിരിക്കുന്നു.
പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിന്റെ പേരില്‍ ലോകത്തൊട്ടാകെ സ്വേഛാധിപതികളും ഏകാധിപതികളും മനുഷ്യാവകാശ ലംഘനങ്ങളും ജനാധിപത്യ വിരുദ്ധ നീക്കങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും അമേരിക്കയിലും ചൈനയിലും ഭരണകൂടങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എതിര്‍ക്കുന്നവരെ കൊവിഡ് നിയമത്തിന്റെ മറവില്‍ ഭരണകൂടങ്ങള്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. ജനം സര്‍ക്കാരുകളെ ഭയക്കുന്ന കാലമാണ് കൊവിഡ് കാലം. ജനങ്ങള്‍ ഭരണകൂടങ്ങളെ ഭയപ്പെടുമ്പോള്‍ അവിടെ ഏകാധിപത്യ ഭരണമായിരിക്കുമെന്നും ഭരണകൂടങ്ങള്‍ ജനങ്ങളെ ഭയപ്പെടുമ്പോള്‍ അവിടെ ജനാധിപത്യമായിരിക്കും പുലരുക എന്ന ആപ്തവാക്യത്തിന് കൂടുതല്‍ അര്‍ഥവ്യാപ്തി നല്‍കുന്ന കാലമായിരിക്കുന്നു ഈ കൊവിഡ് കാലം.
കൊവിഡ് വ്യാപനത്തെ തടയാന്‍ ആവിഷ്‌ക്കരിച്ച ലോക്ക്ഡൗണ്‍ പോലുള്ള നടപടികള്‍ മനുഷ്യാവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഛേദിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സഹായകരമാകുന്നു. വ്യക്തികളുടെ അവകാശത്തെയും സാമൂഹിക ഐക്യപ്പെടലിനെയും അത് റദ്ദ് ചെയ്യുന്നു. രോഗപ്പകര്‍ച്ച ഭയപ്പെടുന്ന പൊതുസമൂഹം സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ സഹിക്കുകയാണ്. ഈ സഹനമാണ് ഭരണകൂടങ്ങള്‍ പ്രതിഷേധ സമരങ്ങളേയും ജനകീയ പ്രക്ഷോഭങ്ങളേയും അടിച്ചമര്‍ത്താനുള്ള അവസരമാക്കുന്നത്. കൊവിഡ് ഭരണാധികാരികള്‍ക്ക് ജനാധിപത്യാവകാശങ്ങളെ അടിച്ചമര്‍ത്താന്‍ പുതുതായി ലഭിച്ച ആയുധമാണ്. കേന്ദ്രത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ കാരാഗൃഹത്തില്‍ അടയ്ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ഉപയോഗിക്കുന്നത് പോലെ കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സ്വര്‍ണക്കടത്തിനെതിരേ സമരം ചെയ്യുന്ന പ്രതിപക്ഷത്തെയും ഒതുക്കാന്‍ ഈ പകര്‍ച്ചവ്യാധിയെ തന്നെയാണ് സര്‍ക്കാര്‍ ആശ്രയിക്കുന്നതെന്നു വേണം കരുതാന്‍. രോഗവ്യാപനം തടയാനുള്ള നിയമം, നാലാള്‍ കൂടുന്നതിനെതിരേ ഭരണകൂടങ്ങള്‍ക്ക് പ്രയോഗിക്കാന്‍ കഴിയുമെന്നിരിക്കെ, കൊവിഡ് കഴിഞ്ഞാലും ഇത്തരം നിയമങ്ങള്‍ ബാക്കി നില്‍ക്കുമോ എന്നാണ് ഭയപ്പെടേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."