മാവേലിക്കരയില്‍ വൈദികന്റെ പീഡനം: മൊഴിയിലുറച്ച് വീട്ടമ്മ
ആലപ്പുഴ: മാവേലിക്കര ഭദ്രാസനത്തിന് കീഴിലുള്ള കൊയ്പള്ളി കാരായ്മ ഇടവക വികാരി ഫാ. ബിനു ജോര്‍ജ് തന്നെ പീഡിപ്പിച്ചുവെന്ന മൊഴിയിലുറച്ച് വീട്ടമ്മ. കഴിഞ്ഞദിവസം വൈദികനെതിരേ യുവതി കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. കുടുംബ പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ തന്നെ പള്ളിയിലേക്ക് വിളിച്ചു വരുത്തി വൈദികന്‍ നിരവധി തവണ പീഡിപ്പിച്ചുവെന്ന് വീട്ടമ്മ ആവര്‍ത്തിച്ചു.
ഇതിനിടെ ആരോപണ വിധേയനായ വൈദികനെ കരുതല്‍ തടങ്കലിലാക്കിയതായി സൂചനയുണ്ട്. ഇയാളെ റാന്നിയിലെ പെരുനാട് ആശ്രമത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പൊലിസിന്റെ നിരീക്ഷണത്തിലുള്ള ഇയാളെ ഏതുസമയവും അറസ്റ്റ് ചെയ്യുമെന്ന് സൂചനയുമുണ്ട്. എന്നാല്‍ സംഭവത്തില്‍ പൊലിസ് കടുത്ത അമാന്തം കാട്ടുകയാണെന്ന ആക്ഷേപം വിവിധ സംഘടനകള്‍ ഉയര്‍ത്തിക്കഴിഞ്ഞു.
യുവതിയെ അനുനയിപ്പിച്ച് വൈദികനെ രക്ഷിക്കാന്‍ സഭയുടെ ഭാഗത്തുനിന്ന് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നതായും സംഘടനകള്‍ ആരോപിക്കുന്നുണ്ട്. അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സഭാ വോട്ടുകള്‍ ഒന്നടങ്കം സര്‍ക്കാര്‍ അനുകൂലമാക്കിയതിന്റെ പ്രത്യുപകാരമായി അറസ്റ്റു വൈകിപ്പിക്കാന്‍ പൊലിസ് ശ്രമിക്കുന്നതായി ആരോപിച്ച് ചില പ്രതിപക്ഷ സംഘടനകള്‍ രംഗത്തുണ്ട്. മാത്രമല്ല, മുന്‍പ് കായംകുളം കരീലകുളങ്ങര പൊലിസ് സ്‌റ്റേഷനു സമീപം വച്ച് കാറില്‍ നിന്ന് ഒരു വൈദികനെയും ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെയും കസ്റ്റഡിയിലെടുത്തിരുന്നു.
വാഹനത്തിനുള്ളില്‍ അനാശാസ്യത്തിലേര്‍പ്പെട്ടതിനാണ് ഇവര്‍ പിടിക്കപ്പെട്ടത്. എന്നാല്‍ കായംകുളം പൊലിസ് ഈ കേസും ഒതുക്കുകയായിരുന്നുവെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."